സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതികാനന്ദയുടെ മുങ്ങിമരണം വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക്, സ്വാമിയുടേത് കൊലപാതകമെന്ന് ബിജു രമേശ്. ശിവഗിരിമഠം മേധാവി ശാശ്വതികാനന്ദയുടേത് ആസൂത്രിത കൊലപാതകമായിരുന്നു എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് പത്തു വര്‍ഷം മുമ്പ് നടന്ന മരണത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിപ്പിച്ചത്. അതോടെ, ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്നാണ് ബിജു രമേശിന്റെ പ്രധാന ആരോപണം. എന്നാല്‍, ഇരുവരും അത് നിഷേധിക്കുന്നു. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പറയുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്കുമെന്നും തുഷാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ച് കേസ് അവസാനിപ്പിച്ചതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രിയന്‍ എന്ന വാടകക്കൊലയാളിയാണ് സ്വാമിയെ കൊന്നതെന്നാണ് ബിജു രമേശിന്റെ ആരോപണം. ഇതുസംബന്ധിച്ച് തന്റെ പക്കല്‍ തെളിവുണ്ടെന്നും ബിജു രമേശ് പറഞ്ഞു. പ്രിയനോട് ഫോണില്‍ സംസാരിച്ചു. വെള്ളാപ്പള്ളി നടേശനുവേണ്ടി താനാണ് ശാശ്വതികാനന്ദയെ കൊന്നതെന്ന് അയാള്‍ വെളിപ്പെടുത്തി. പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന നിലപാടായിരുന്നു വെള്ളാപ്പള്ളിക്ക്. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റായിരുന്ന വിദ്യാസാഗറാണ് പോസ്റ്റുമോര്‍ട്ടം വേണമെന്ന് വാദിച്ചത് ബിജുരമേശ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ ഇടപെട്ട ഡോ. സോമനെ, പ്രത്യുപകാരമായി പിന്നീട് യോഗത്തിന്റെ പ്രസിഡന്റാക്കിയെന്നും ബിജു രമേശ് ആരോപിച്ചു.
ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 2002 ജൂലായ് 1 നാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമിയുടെ മൃതദേഹം കാണപ്പെട്ടത്. 2003 ല്‍ത്തന്നെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല