![](https://www.nrimalayalee.com/wp-content/uploads/2022/02/Swapna-Suresh-S-Sivasankar-Autobiography.jpg)
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഒറ്റ ഫോൺവിളിയിലാണു തനിക്കു സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന തന്നോട് അവിടം സുരക്ഷിതമല്ലാത്തതിനാൽ രാജിവയ്ക്കാൻ നിർദേശിച്ചതു ശിവശങ്കറാണ്. സ്പേസ് പാർക്കിൽ ജോലിക്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ശിവശങ്കർ ഇടപെട്ടു മാറ്റിയതിനുശേഷമാണ് പിഡബ്ല്യുസിയെ കൊണ്ടുവന്നതെന്നും സ്വപ്ന പറഞ്ഞു.
‘‘എനിക്കു സർക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. കോൺസുലേറ്റിൽനിന്നു രാജിവച്ചശേഷം ജോലി വേണമെന്നു ശിവശങ്കറിനോടു പറഞ്ഞു. 3 ഓപ്ഷൻ ഉണ്ടെന്നും സ്പേസ് പാർക്കാണ് അതിൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കൺസൽറ്റൻസികളെ ഏർപ്പാടാക്കിയതും ശിവശങ്കറാണ്. കെഎസ്ഐടിഐഎല്ലിന്റെ ചുമതലയുള്ള ജയശങ്കർ, സ്പേസ് പാർക്ക് ചീഫ് സ്പെഷൽ ഓഫിസർ സന്തോഷ് എന്നിവരെ കാണാനും നിർദേശിച്ചു. അങ്ങനെ ജോലിക്കു കയറി. ഇന്റർവ്യൂവൊന്നും ഉണ്ടായിരുന്നില്ല. എന്റെ സർട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു’’– സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
എം.ശിവശങ്കറിന്റെ ആത്മകഥയിൽ, സമ്മാനമായി വിവാദ ഐ ഫോൺ നൽകി തന്നെ ചതിച്ചുവെന്നും മറ്റും സ്വപ്നയ്ക്കെതിരെ ആരോപണം ഉന്നയിച്ചതു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടർന്നാണ് ഇതിനു മറുപടിയായി ശിവശങ്കറിനെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്നയും രംഗത്തെത്തിയത്.
‘‘ശിവശങ്കർ എന്റെ പഴ്സനൽ കംപാനിയൻ ആയിരുന്നു. 3 വർഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ വീട്ടിൽ വരുമായിരുന്നു. മാസത്തിൽ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബെംഗളൂരുവിലോ പോകുമായിരുന്നു. ഐ ഫോൺ മാത്രമല്ല ഒരുപാടു സമ്മാനങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. ശിവശങ്കർ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെടുത്തി, നശിപ്പിച്ചു. അദ്ദേഹം വിആർഎസ് എടുത്തശേഷം ഒരുമിച്ചു ദുബായിലേക്കു പോകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഞാൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെക്കുറിച്ചുള്ള ഒരുപാടു രഹസ്യങ്ങൾ തുറന്നെഴുതേണ്ടി വരും. അദ്ദേഹത്തിന്റെ ആത്മകഥയെക്കാൾ അതിനു വിപണിയുണ്ടാകും,“ സ്വപ്ന പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല