സ്വന്തം ലേഖകന്‍: അയാള്‍ എന്നെ കയറിപ്പിടിച്ചു, മദ്യലഹരിയില്‍ ആയിരുന്ന മറ്റൊരാള്‍ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു; വിമാനത്താവളത്തിലും ട്രെയിനിലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്‌കര്‍. സമൂഹത്തിന്റെ എല്ലായിടത്തും ഇത്തരം ഞരമ്പുരോഗികള്‍ ഉണ്ടെന്ന് യാത്രകള്‍ക്കിടയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് സ്വര ഭാസ്‌ക്കര്‍ പറയുന്നു.
ഒരു അഭിമുഖത്തിലാണ് സ്വര ഭാസ്‌ക്കര്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പായോ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുമ്പോഴാണ് ഒരു സംഭവം. രാജ്‌കോട്ട് വിമാനത്താവളത്തില്‍ വച്ചു ഒരാള്‍ തന്നെ കടന്നു പിടിക്കുകയായിരുന്നെന്ന് സ്വര പറയുന്നു. സല്‍മാനെ കാണാനായി നിരവധി പേര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. താരത്തെ കണ്ട ആവേശത്തില്‍ എല്ലാവരും ഓടി അടുത്തേക്ക് വന്നു. ഇതിനിടയിലാണ് ഒരാള്‍ തന്നെ കയറി പിടിച്ചതെന്ന് സ്വര ഓര്‍ക്കുന്നു.
മറ്റൊരു സംഭവം ട്രെയിനില്‍ മുംബൈയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു. ഫസ്റ്റ് ക്ലാസ് കംപാര്‍ട്ടുമെന്റിലായിരുന്നു സ്വര. ഉച്ചസമയമായതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു. പെട്ടെന്ന് മദ്യലഹരിയില്‍ കംപാര്‍ട്ട്‌മെന്റിലേക്കു കയറി വന്ന ഒരാള്‍ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു. അപ്രതിക്ഷിതമായ ഈ കാഴ്ച കണ്ട് ശരിക്കും ഞെട്ടിയ താന്‍ എന്താണു സംഭവിക്കുന്നത് എന്നു മനസിലാക്കാന്‍ കുറച്ചു സമയം എടുത്തതായി സ്വര വ്യക്തമാക്കി. പെട്ടെന്നു കൈയില്‍ ഉണ്ടായിരുന്ന കുട ഉപയോഗിച്ച് അയാളെ അടിച്ചു. ഒപ്പം അയാളുടെ ഷര്‍ട്ടിന്റെ കോളറിനു കുത്തിപ്പിടിക്കുകയും ചെയ്തു.
ട്രെയിന്‍ നിര്‍ത്തിയാല്‍ അയാള്‍ രക്ഷപെടുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ മുറുക്കെ പിടിച്ചെങ്കിലും ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ തന്റെ കൈ തട്ടിമാറ്റി അയാള്‍ ചാടി രക്ഷപ്പെട്ടതായും സ്വര വ്യക്തമാക്കി. ഡല്‍ഹി, ചെന്നൈ നഗരങ്ങല്‍ വച്ചും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ സ്വര എല്ലാ തവണയും താന്‍ പ്രതികരിച്ചിട്ടുണ്ടെന്നും ചിലരെ തല്ലിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല