സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം നിരോധിക്കണം എന്നാവശ്യപ്പെട്ട് നടി സ്വാറാ ഭാസ്‌ക്കറും സംഘവും രംഗത്ത്. രാജ്യത്ത് പശുസംരക്ഷകരെ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ബോളിവുഡ് നടി സ്വാറാ ഭാസ്‌കറുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമായത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് മാനവ സുരക്ഷാ കനൂണ്‍ (മാസുക) എന്ന പേരില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
#MASUKA എന്ന ഹാഷ്ടാഗിലുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായിരിക്കുകയാണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, ദലിത് ആക്ടിവിസ്റ്റ് ജിഗേനേഷ് മേവാനി, തഹ്‌സിന്‍ പൂനവാല, വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്ല റാഷിദ്, സ്വാര ഭാസ്‌കര്‍ എന്നിവര്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. ജുനൈദ് വധമടക്കം രാജ്യത്ത് ദിനംപ്രതിയെന്നോണം നടക്കുന്ന പശുക്കൊലകള്‍ കാരണം നാണക്കേട് കൊണ്ട് തല കുനിക്കുന്നതായി സ്വാറാ പറഞ്ഞു.
നേരത്തേ #NotInMyName എന്ന പേരില്‍ ക്യാമ്പയിന്‍ തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചെന്നും എന്നിട്ടും പശുവിന്റെ പേരില്‍ മനുഷ്യന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. പശുവിന്റെ പേരില്‍ ജനങ്ങളുടെ ജീവനെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച സ്വാറാ ഇക്കാര്യം അടിയന്തിരമായി സര്‍ക്കാര്‍ പരിഗണിക്കണെമെന്നും ആവശ്യപ്പെട്ടു. തമിഴ് നടി ഖുഷ്ബു അടക്കം നിരവധി പേരാണ് #masuka ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല