സ്വന്തം ലേഖകന്‍: സ്വീഡിഷ് രാജകുമാരന്‍ കാള്‍ ഫിലിപ്പ് വിവാഹിതനായി. രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത് ലോകത്തിലെ പ്രമുഖ രാജ കുടുംബങ്ങളിലെ അംഗങ്ങള്‍. സ്വീഡിഷ് രാജസിംഹാസത്തിന്റെ മൂന്നാമത്തെ അവകാശിയാണ് വിവാഹിതനായ കാള്‍ രാജകുമാരന്‍.
സ്റ്റോക്കോം രാജകൊട്ടാരത്തിലെ ചാപ്പലിലായിരുന്നു കാള്‍ ഫിലിപ് രാജകുമാരന്റെയും സോഫിയ ഹെല്‍ക്വിസ്റ്റിന്റെയും വിവാഹം. രാജകുടുംബത്തില്‍ നിന്നല്ലാതെ സാധാരണക്കാര്‍ക്കിടയില്‍ നിന്ന് വരനെ കണ്ടെത്തിയ സ്വന്തം സഹോദരിമാരുടെ പാത പിന്തുടര്‍ന്നാണ് മുന്‍ മോഡലും ടിവി താരവുമായ സോഫിയയെ കാള്‍ ജീവിതസഖിയായി തെരഞ്ഞെടുത്തത്.
അള്‍ത്താരയില്‍ നിന്നപ്പോള്‍ ചങ്കിടിപ്പും പരിഭ്രമവും കാരണം വധു സോഫിയയുടെ വിരലില്‍ വിവാഹ മോതിരം അണിയിക്കാന്‍ രാജകുമാരന്‍ ബുദ്ധിമുട്ടുന്ന കാഴ്ച സദസ്യരില്‍ ചിരിയുണര്‍ത്തി. ജപ്പാനിലെ റ്റക്കമാഡോ രാജകുമാരിയും ബെല്‍ജിയത്തിലെ രാജ്ഞി മെത്തില്‍ഡെയുമുള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ സ്വീഡിഷ് രാജകീയ വിവാഹത്തിനു സാക്ഷ്യം വഹിക്കാനെത്തി.
സ്വീഡിഷ് നാവിക സേനയില്‍ മേജറാണ് 36 വയസുള്ള കാള്‍ ഫിലിപ് രാജകുമാരന്‍. രാജകുമാരന്റെ കാറോട്ട കമ്പം പ്രശസ്തമാണ്. കിരീടാവകാശിയായി ജനിച്ച രാജകുമാരന്, പിന്തുടര്‍ച്ചാവകാശ നിയമം മാറിയപ്പോഴാണു ചേച്ചി വിക്ടോറിയക്ക് വഴി മാറിക്കൊടുക്കേണ്ടി വന്നത്.
മെദെലീന്‍ രാജകുമാരിയാണ് മറ്റൊരു സഹോദരി. കിരീടാവകാശി എന്ന നിലയില്‍ വിക്ടോറിയ രാജകുമാരിയുടെ മകള്‍ എസ്റ്റേലിനും പിന്നിലായി മൂന്നാമതാണ് ഇപ്പോള്‍ രാജകുമാരന്റെ സ്ഥാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല