ബോള്‍ട്ടണ്‍: യുകെയിലെ പ്രശസ്തമായ ചെണ്ടമേളസംഘം ഞായറാഴ്ച്ച ബോള്‍ട്ടണില്‍ മേളപ്പെരുപ്പം തീര്‍ക്കുവാന്‍ എത്തും. ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളില്‍ മേളം അവതരിപ്പിക്കാനാണ് സംഘം എത്തുന്നത്. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് നടക്കുന്ന വിഖ്യാതമായ പ്രദക്ഷിണത്തില്‍ സ്വിന്‍ഡണ്‍ സ്റ്റാര്‍സ് തങ്ങളുടെ മേളവിഭവം പ്രകടമാക്കും. 12 പേരടങ്ങുന്ന മുഴുവന്‍ ടീമാണ് ബോള്‍ട്ടണില്‍ എത്തുന്നത്.
ഒറ്റക്കോലില്‍ തീര്‍ക്കുന്ന ഏക താളവും താളത്തിന് പ്രാധാന്യം നല്‍കുന്ന നിലയടിയും താളവേഗം കൈവരിക്കന്ന ചെമ്പടയുമെല്ലാം ബോള്‍ട്ടണില്‍ സ്വിന്‍ഡണ്‍ സ്റ്റാര്‍സ് അവതരിപ്പിക്കും. ശിങ്കാരി താളത്തോടെ കലാശത്തിലേക്ക് പ്രവേശിക്കുന്ന മേളം കൊട്ടിപ്പെരുക്കലോടെ ചെണ്ടയുടെ നട പ്രപഞ്ചം ആസ്വാദക കര്‍ണ്ണങ്ങളില്‍ ഇടിമുഴക്കം സൃഷ്ടിക്കും.
ഫിലിപ്പ് കുട്ടി കോണ്ടൂരിന്റെ നേതൃത്വത്തില്‍ സുജിത് എബ്രഹാം, ഷാജു, സ്മിത്ത് മോന്‍, സജിത് മാത്യു, ജെയ്മോന്‍, ജോസഫ്, പോള്‍സണ്‍, സാജു, ജോര്‍ജ്, ഷെല്‍വിന്‍, തുടങ്ങിയവരാണ് പ്രധാനമായും മേളം നയിക്കുക.ഒറ്റക്കോലില്‍ കൊട്ടി തുടങ്ങി ഗണപതി കലത്തിലൂടെ ദ്രുതതാളത്തില്‍ പ്രവേശിച്ച് ആവേശം പടര്‍ത്തി ശിങ്കാരമേളത്തിലേക്ക് വികസിക്കുന്ന മേളപ്പെരുക്കമാണ് സ്വിന്‍ഡണ്‍ സ്റ്റാര്‍സ് കാഴ്ച്ചവെച്ച് വരുന്നത്. കൊട്ടികയറ്റത്തിന്റെ ശാരീരിക അംഗവിക്ഷേപങ്ങളും ഇവരുടെ മേളത്തെ ആസ്വാദസുന്ദരമാക്കുന്നു.
ഇന്ന് വൈകുന്നേരമാണ് ബോള്‍ട്ടണ്‍ തിരുന്നാളിന് കൊടിയേറുക. 6.30 ന് ഫാ. മാത്യു കരിയിലക്കുളത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറും. വിശുദ്ധ കുര്‍ബാനയും നടക്കും. ശനിയാഴ്ച്ച വൈകുന്നേരം 6.30 നാണ് വിശുദ്ധ കുര്‍ബാന. പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച്ച രാവിലെ 10.45 ന് ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയും പ്രദക്ഷിണവും ലഭിക്കും, കരിമരുന്ന് കലാപ്രകടനവും കലാപരിപാടികളും നടക്കും.
പള്ളിയുടെ വിലാസം
Our Lady Of Lourdes
275 Plodder Lane
Fanworth
BL4 OBR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല