സ്വിറ്റസര്‍ലന്‍ഡിന് ഇനി ഈ പ്രതിസന്ധി നേരിടാന്‍ കഴിയില്ല. ഡോളറിനും യൂറോക്കുമപ്പുറം വലുതാവുന്ന ഒരു കറന്‍സിക്കുടമയെന്ന രീതിയില്‍ ഒരടി മുന്നോട്ട് പോകാന്‍ പോലും തയ്യാറല്ലെന്നാണ് സ്വിസ് ബാങ്കിന്റെ പുതിയ നടപടി നല്‍കുന്ന സൂചന. യൂറോയ്ക്കും ഡോളറിനുമുണ്ടാവുന്ന വിലയിടിവിനിടയില്‍ ഫ്രാങ്കിന് വില കുതിച്ചുയരുന്നത് സ്വിസറ്റസര്‍ലന്‍ഡിന്റെ സാമ്പത്തിക രംഗത്തെ തന്നെ തകര്‍ക്കുന്ന അവസരത്തിലാണ് സ്വിസ് സെന്റട്രല്‍ ബാങ്ക് പുതിയ പോംവഴിയുമായി എത്തിയിരിക്കുന്നത്. യുറോയുടെ വിലക്ക് താഴെ സ്വിസ് ഫ്രാങ്കിന് വില നിലനിര്‍ത്താനാണ് സെന്‍ട്രല്‍ ബാങ്കിന്റെ നീക്കം.
യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി ഫ്രാങ്കിനെയാണ് കണ്ടിരുന്നത്. ഇതെതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഫ്രാങ്കിന് വില 20 ശതമാനത്തോളം ഉയരുകയും ചെയ്തു. എന്നാല്‍ യൂറോയുടെ മൂല്യം 1.20 ഫ്രാങ്കിന് താഴെയെത്തുന്നത് തടയുകയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇതിന് താഴെ വിദേശ നാണ്യ വിനിമയം സാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കികഴിഞ്ഞു. ഫ്രാങ്കിന്റെ വില വാനോളം ഉയരുമ്പോള്‍ സ്വിറ്റസര്‍ലന്‍ഡിന്റെ സാമ്പത്തിക മേഖലയിക്കിത് ഭീഷണിയാവുന്നതു കൊണ്ടാണിതെന്നും ബാങ്ക് പറഞ്ഞിട്ടുണ്ട്.
പക്ഷെ ഈ നീക്കം ആഗോള സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും സ്വറ്റസര്‍ലാന്‍ഡിന്റെ സാമ്പത്തിക ശ്രോതസുകളിലേറെയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ടൂറിസം രംഗമായാലും കയറ്റുമതിമേഖലയായാലും ഏറെ ആശ്രയിക്കുന്നത് ഈ രാജ്യങ്ങളെ തന്നെ. അതുകൊണ്ടു ഫാങ്കിന് വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സ്വിസ് ഉത്പന്നങ്ങള്‍ക്കുണ്ടായിരുന്ന ഡിമാന്‍ഡില്‍ ഏറെ ഇടിവുണ്ടായി. ടൂറിസം മേഖലയിലും സ്തംഭനം തുടരുകയാണ്. ഈ അവസരത്തിലാണ് സെന്‍ട്രല്‍ ബാങ്ക് നേരിട്ട് ഇടപെട്ടിരിക്കുന്നത്.
ഇതെത്തുടര്‍ന്ന് ഫ്രാങ്കിന്റെ വിലയില്‍ ഇടിവുണ്ടായി. വ്യാപാരം ആരംഭിച്ച നിലയില്‍ നിന്നും വില 8.5 ശതമാനത്തോളം താഴ്ന്നു. മികച്ച സാമ്പത്തിക മേഖലയ്ക്കുടമായായിരുന്ന സ്വിറ്റസര്‍ലാന്‍ഡ് ഏതൊരു വിദേശ നിക്ഷേപകനെ സംബന്ധിച്ചും സുരക്ഷിത നിക്ഷേപ മേഖലയായി ഇക്കാലയളവില്‍ മാറിയിരുന്നു. ഇതെ തുടര്‍ന്നാണ് ആഗസ്തില്‍ യൂറോക്കെതിരെ ഫ്രാങ്കിന് വില 20 ശതമാനത്തോളം ഉയര്‍ന്നത്. 2009ല്‍ ഡോളറിനുണ്ടായിരുന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനമാണ് ഫ്രാങ്കിനുണ്ടായ വിലവര്‍ധന.
പ്രതിസന്ധി രൂക്ഷമായേക്കുമെന്ന ഘട്ടത്തില്‍ ഇത് നേരിടാന്‍ സ്വിസ് ബാങ്ക് മുമ്പും നടപടികള്‍ കൈക്കൊണ്ടിരുന്നു. ഫ്രാങ്കിലുള്ള നിക്ഷേപം തടയുന്നതിനായി പലിശ നിരക്ക് ഏകദേശം പൂജ്യത്തിനടുത്തു വരെ താഴ്ത്തുകയുണ്ടായി. എന്നാല്‍, പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഈ അവസരത്തിലാണ് കറന്‍സിക്ക് നിശ്ചിത വില നിശ്ചയിക്കുന്നതിലേക്ക് ബാങ്ക് എത്തിയിരിക്കുന്നതെന്നാണ് നിരീക്ഷകരുടെ പക്ഷം. ഫ്രാങ്കിന്റെ നില ഭദ്രമാക്കുന്നതിനു വേണ്ടി ബാങ്കിന് ഒരുപക്ഷെ ഒരുപാട് യൂറോ വാങ്ങിക്കൂട്ടേണ്ടി വരുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ ബാങ്ക് ഇപ്പോള്‍ സ്വികരിച്ചിരിക്കുന്ന നിലപാടുമായി മുന്നോട്ടു പോവുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പായ സാഹചര്യത്തിലേ ഇത് വിജയിക്കൂ. അതല്ല പ്രതിസന്ധി തുടരുകയാണെങ്കില്‍ ബാങ്കിന് ഒരുപാടു ചിലവിടേണ്ടി വരുമെന്നാണ് ഇവരുടെ അഭിപ്രായം.
പുതിയ പോളിസി നടപ്പാക്കണമെങ്കില്‍ സ്വിസ് ബാങ്കിന് പ്രതിദിനം 8000 മുതല്‍ 10000 കോടി ഫ്രാങ്ക് ചെലവാക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടന്നത്. ഇങ്ങനെയുള്ള ചെലവ് ഒരു ആഴ്ചകൊണ്ട് തന്നെ സ്വിറ്റസര്‍ലാന്‍ഡിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ ഭേദിക്കുമെന്നും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു. മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ലോകശ്രദ്ധയാകര്‍ഷിച്ച സ്വിറ്റസര്‍ലന്‍ഡ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതും പട്ടിണി കൊണ്ടോ, വിലയിലാത്ത കറന്‍സി കാരണമോ അല്ല. മറിച്ച് കയ്യില്‍ നില്‍ക്കാത്ത രീതിയില്‍ ഉയരുന്ന വിലയുള്ള ഒരു കറന്‍സിക്കുടമയെന്നതിനാല്‍ തന്നെയെന്നതാണ് ആശ്ചര്യകരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല