സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കുകളില്‍ നല്ലൊരു ശതമാനവും കള്ളപ്പെണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപം സ്വിസ് ബാങ്കുകളില്‍ ഒളിപ്പിക്കുനതു തടയാനുള്ള ശക്തമായ നടപടികള്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്നും കടുത്ത സമ്മര്‍ദം നേടുന്ന സാഹചര്യത്തിലാണ് സമിതിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണം വരുന്ന രാജ്യങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയില്ലെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍നിന്നും മുക്തമല്ലെന്നും സ്വിസ് ബാങ്കുകളാണു സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേന്ദ്രമെന്നും ഉന്നതതല സമിതി ചൂണ്ടിക്കാട്ടി.
അതേസമയം, സ്വിസ് ബാങ്കുകളിലെ വിദേശികളുടെ നിക്ഷേപത്തില്‍ ഇന്ത്യ 61മത്തെ സ്ഥാനത്തെത്തി. സ്വിസ് ബാങ്കുകളിലുള്ള ആകെ ആഗോള സമ്പാദ്യത്തിന്റെ 0.123 ശതമാനം മാത്രമാണ് ഇന്ത്യക്കാരുടേത്. സ്വിസ് ബാങ്കുകളിലെ ആകെ വിദേശനിക്ഷേപം 1.6 ട്രില്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 99.2 ലക്ഷം കോടി രൂപ) വരുമെന്നാണ് എകദേശ കണക്ക്.
ബ്രിട്ടനും യുഎസുമാണ് ഏറ്റവും വലിയ നിക്ഷേപ രാജ്യങ്ങള്‍. സ്വിസ്റ്റ്‌സര്‍ലന്‍ഡിലെ കേന്ദ്ര ബാങ്കിങ് അതോറിറ്റിയായ സ്വിസ് നാഷനല്‍ ബാങ്ക് (എസ്എന്‍ബി) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം കഴിഞ്ഞവര്‍ഷം 10 ശതമാനം കുറഞ്ഞ് 1.8 ബില്യന്‍ സ്വിസ് ഫ്രാങ്ക്‌സ് ആയി. ഇത് എകദേശം 12,615 കോടി ഇന്ത്യന്‍ രൂപ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല