സ്വന്തം ലേഖകൻ: ഇന്ത്യൻ ടൂർ ഗ്രൂപ്പുകൾക്കുള്ള ഷെങ്കന്‍ വീസ അപ്പോയിന്റ്മെന്റ് പതിവ് പോലെ തുടരുമെന്ന് ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എംബസി. ഈ വർഷം സെപ്റ്റംബർ അവസാനം വരെ ഏകദേശം 800 പ്രതിദിന അപ്പോയിന്റ്‌മെന്റുകൾ ഉണ്ട്. ഇതിൽ 22 ഗ്രൂപ്പുകളും ഉൾപ്പെടുന്നതായി എംബസി വ്യക്തമാക്കി.
ആളുകൾ തമ്മിലുള്ള സമ്പർക്കമാണ് സ്വിസ്-ഇന്ത്യൻ ബന്ധത്തിന്റെ കാതൽ. ഈ വർഷം ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എംബസി 2019-ൽ ചെയ്‌തതിനേക്കാൾ കൂടുതൽ വീസ അപേക്ഷകൾ പ്രോസസ്സ് ചെയ്‌തു. കോവിഡ് കാലത്തിന് മുൻപ് ചെയ്തതിനെക്കാൾ കൂടുതൽ പേർക്ക് വീസ അനുവദിച്ചു. ജനുവരി മുതൽ ജൂൺ വരെ 129,446 അപേക്ഷകൾ പരിഗണിച്ചു. 2019 ൽ ഇതേ കാലയളവിൽ ഇത് 120,071 ആയിരുന്നു 7.8% വർധനവ് രേഖപ്പെടുത്തിയെന്ന് എംബസി പറഞ്ഞു.
ഇന്ത്യൻ അപേക്ഷകർക്ക് വീസ അപേക്ഷാ പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിന് ഈ വർഷം ആദ്യം മുതൽ മൂന്ന് മാറ്റം വരുത്തിയതായി ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എംബസി വക്താവ് പറഞ്ഞു.ആദ്യ മാറ്റമെന്നത് അപേക്ഷകർക്ക് അവരുടെ യാത്രാ തീയതിക്ക് ആറ് മാസം മുമ്പ് വീസയ്ക്ക് അപേക്ഷിക്കാൻ കഴിയും, മുൻകാലങ്ങളിൽ ഒരു മാസത്തിന് മുൻപ് മാത്രമായിരുന്നു വീസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക.
ഇപ്പോൾ ജൂണിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ജനുവരിയിൽ തന്നെ വീസയ്ക്ക് അപേക്ഷിക്കാം. രണ്ടാമതായി, എംബസി ഇന്ത്യയിൽ കൂടുതൽ വീസ അപേക്ഷയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ലക്നൗവിൽ പുതിയ വീസ അപേക്ഷാ കേന്ദ്രം തുടങ്ങി. ഇതോടെ ഇന്ത്യയിലുടനീളം 13 വീസ അപേക്ഷാ കേന്ദ്രങ്ങളുണ്ട്.
മൂന്നാമതായി, നിലവിൽ, ഞങ്ങളുടെ പങ്കാളിയായ വീസ അപേക്ഷാ കേന്ദ്രത്തിലെ അപ്പോയിന്റ്മെന്റിനും അപേക്ഷയിൽ എംബസിയുടെ തീരുമാനവും 13 പ്രവൃത്തി ദിവസത്തിനുള്ളിൽ സ്വീകരിക്കുന്നുണ്ടെന്ന് എംബസി വക്താവ് അറിയിച്ചു. 26 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കുന്നതാണ് ഷെങ്കൻ വീസ. 90 ദിവസം വരെ ഈ രാജ്യങ്ങളിൽ താമസിക്കാൻ ഷെങ്കൻ വീസ ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല