സ്വന്തം ലേഖകൻ: ഗ്രൂപ് ടൂറുകൾക്കുള്ള ഷെങ്കൻ വീസ അപേക്ഷകൾ ഒക്ടോബർ വരെ സ്വീകരിക്കില്ലെന്ന് ന്യൂഡൽഹിയിലെ സ്വിസ് എംബസി അറിയിച്ചു. വീസ പ്രോസസിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നതെങ്കിലും വീസ ബ്ളാക് മാർക്കറ്റിനെതിരെയുള്ള നടപടിയായും വ്യാഖ്യാനമുണ്ട്.
ഇന്ത്യയിൽ നിന്ന് ഷെങ്കൻ രാജ്യങ്ങിലേക്കുള്ള ഗ്രൂപ് ടൂർ വീസ അപേക്ഷകൾക്ക് ഒക്ടോബർ വരെയാണ് സ്വിസ് എംബസിയുടെ നിരോധനമെങ്കിലും വ്യക്‌തിഗത വീസ അപേക്ഷകൾ സമർപ്പിക്കുന്നതിന് നിരോധനമില്ല. ഷെങ്കൻ വീസ അപേക്ഷകളുടെ പ്രോസസിങ് തുടങ്ങാൻ ആഴ്ചകളെടുക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കോവിഡ് കാലത്ത് വെട്ടി കുറച്ച വീസ പ്രോസസിങ് സെന്ററുകളും ജീവനക്കാരുടെ എണ്ണവും കോവിഡിന് ശേഷവും പുനഃസ്ഥാപിക്കാൻ ഒട്ടുമിക്ക ഷെങ്കൻ രാജ്യങ്ങളും ഇനിയും തയാറായിട്ടില്ല. വ്യക്തിഗത അപേക്ഷകളേക്കാൾ, ഗ്രുപ്പ് ടൂർ വീസകൾ കൈകാര്യം ചെയ്യുന്നത് ശ്രമകരമെന്ന് വീസ പ്രോസസിങ്ങിന് ചുമതലപ്പെട്ടവരും വ്യക്തമാക്കുന്നു.
ഇന്ത്യക്ക് പുറമെ, സ്വിറ്റ്സർലൻഡ് ഗ്രൂപ്പുകളായി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ചൈനയിൽ നിന്നുള്ള യാത്രക്കാരെയും വീസ പ്രോസസിങ് ജീവനക്കാരുടെ കുറവ് ബാധിക്കുന്നുണ്ടെന്ന് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാർക്ക് രാജ്യത്തിന് പുറത്തുള്ള ഗ്രൂപ്പ് ടൂറുകൾ ഏറ്റവും ലാഭകരമായ ബിസിനസാണ്.
കോവിഡിന് ശേഷം ടുറിസം പച്ചപിടിച്ചു വരുന്ന സമയത്ത്, സമാന്തരമായി വീസ ബ്ലാക്ക് മാർക്കറ്റും ഇന്ത്യയിൽ വിപുലപ്പെടുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു. ചില കമ്പനികളും ടൂർ ഓപ്പറേറ്റേഴ്‌സും ഗ്രുപ്പ് വീസ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്‌തു മറ്റുള്ളവർക്ക് മറിച്ചു കൊടുക്കുന്നതായി പരാതിയുള്ളപ്പോഴാണ് സ്വിസ്സ് എംബസിയുടെ താത്കാലിക നിരോധനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല