സ്വന്തം ലേഖകൻ: സിഡ്നി ഫെർബ്രാകെ എന്ന ഇരുപത്തിനാലുകാരി ലോകം ചുറ്റാൻ തെരെഞ്ഞെടുത്തത് ടിവി, ഫ്രിഡ്ജ്, മിക്സി, പാത്രങ്ങൾ എന്നിവയടക്കമുള്ളവ ഉൾപ്പെടുത്തിയുള്ള വാൻ! ‘എല്ല’ എന്ന അതിസുന്ദരിയായ തന്റെ വളർത്തുനായക്കൊപ്പം ഇതുവരെ ഇരുപതോളം സ്ഥലങ്ങൾ ഇന്ത്യാനക്കാരിയായ സിഡ്നി സന്ദർശിച്ചിട്ടുണ്ട്.
ടോയ്‍ലറ്റ് അടക്കമുള്ള മുഴുവൻ സൗകര്യങ്ങളും സിഡ്നി വാനിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ കുളിക്കാനുള്ള സൗകര്യം വാനിലില്ല. യാത്ര ചെയ്തെത്തുന്ന പ്രദേശത്തുള്ള ജിമ്മിലെ കുളിമുറിയാണ് സിഡ്നി കുളിക്കാനായി ആശ്രയിക്കുന്നത്. ഏകദേശം 7,13,425 രൂപമുടക്കിയാണ് സിഡ്നി വാനിനെ ഒരു കൊച്ചുവീടാക്കി മാറ്റിയത്.
2017ൽ കാമുകനൊപ്പമായിരുന്നു സിഡ്നി തന്റെ യാത്ര തുടങ്ങിയത്. പിന്നീട് 2018ൽ ഉഭയസമ്മതപ്രകാരം ഇരുവരും പിരിഞ്ഞു. സിഡ്നിയും കാമുകനും ചേർന്നൊരു മേഴ്സിഡസ് സ്പിന്റർ വാൻ വാങ്ങിച്ചിരുന്നു. പ്രണയബന്ധം ഉപേക്ഷിച്ചപ്പോൾ സിഡ്നി വാൻ കാമുകന് നൽകി.
പിന്നീടങ്ങോട്ട് യാത്ര ചെയ്യുക എന്നത് മാത്രമായിരുന്നു സിഡ്നിയുടെ ലക്ഷ്യം. ഇതിനോടനുബന്ധിച്ചായിരുന്നു വാൻ വാങ്ങിച്ച് ചെറിയൊരു വീട് അതിൽ ഒരുക്കിയത്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന പറഞ്ഞവരെകൊണ്ട് സിഡ്നി തന്റെ യാത്രകളിലൂടെ അത് മാറ്റിപ്പറയിച്ചു. മോന്താന, ഉത്താ, അരിസോണ, കാലിഫോർണിയ, ക്യൂബ, ഒറീഗോൺ, കാനഡ തുടങ്ങി ഇതുവരെ 20തോളം സ്ഥലങ്ങളാണ് വാനിൽ എല്ലയ്ക്കൊപ്പം സിഡ്നി സന്ദർശിച്ചത്.
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് സിഡ്നി ഫെർബ്രാകെയുടെ ജീവിതമാകെ മാറ്റിമാറിച്ചത്. പോസ്റ്റിൽ കുറിച്ച കഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിഡ്നി മനസ്സു പറയുന്ന വഴികളിൽക്കൂടി സഞ്ചരിച്ചു തുടങ്ങിയത്. ബ്രേക്ക് അപിന് ശേഷമാണ് താൻ സ്വതന്ത്ര്യമെന്താണെന്ന് അറിഞ്ഞതെന്നും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ആശങ്കകൾ തെറ്റാണെന്ന് തനിക്ക് ജീവിതം കൊണ്ട് തെളിയിക്കാൻ സാധിച്ചതെന്നും സിഡ്നി പറയുന്നു.
2019ൽ തന്റെ പുതിയ വാൻ വാങ്ങുന്നതിനുള്ള പണം സമ്പാദിക്കുന്നതിനായി മൂന്നോളം ജോലികൾ നോക്കിയിട്ടുണ്ട്. ഫ്രീലാൻസ് വെബ് ഡിസൈനിങ്, വെബ്സൈറ്റ് തയ്യാറാക്കൽ തുടങ്ങി കുഞ്ഞുങ്ങളെ നോക്കുന്ന നാനിയുടെ ജോലി വരെ താൻ ചെയ്തിട്ടുണ്ടെന്നും സിഡ്നി കൂട്ടിച്ചേർത്തു. തന്റെ ജീവിതം മറ്റുള്ളവർക്കു കൂടി പ്രചോദനമാകാൻ വേണ്ടി ‘സോളോ റോഡ്’ എന്ന പേരിൽ സിഡ്നി പോഡ്കാസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ സിഡ്നിയെ ഒരുലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല