
സ്വന്തം ലേഖകൻ: അമേരിക്കയിൽ വില്ലൻ ചുമ വർധിച്ചതായി റിപ്പോർട്ട്. യുഎസ് ആരോഗ്യ വകുപ്പായ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇതുവരെ 18,506 വില്ലൻ ചുമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലെ കണക്ക് പ്രകാരം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ് വില്ലൻ ചുമ.
കോവിഡ്-19 പാൻഡെമിക് കാലത്തെ കർശനമായ ആരോഗ്യ നടപടികൾ കഴിഞ്ഞ്, ആളുകൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നതോടെ പല പകർച്ചവ്യാധികളും വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. വില്ലൻ ചുമയും അതിൽ ഒന്നാണ്. ഓരോ മൂന്നോ അഞ്ചോ വർഷത്തിലൊരിക്കൽ വില്ലൻ ചുമ രോഗം വ്യാപകമാകുന്നത് സാധാരണമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
എന്നാൽ, ചില സംസ്ഥാനങ്ങളിൽ ഈ വർഷത്തെ വില്ലൻ ചുമ വളരെ ഗുരുതരമാണ്. വീസ്‌കോൻസെൻ പോലുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷത്തെ ആകെ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം ഇതിനകം 1000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിഡിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ കിന്‍റർഗാർട്ടൻ വിദ്യാർഥികളിൽ വാക്സീനേഷൻ നിരക്ക് കുറഞ്ഞിട്ടുണ്ട്. കൂടാതെ, വാക്സീൻ ഇളവുകൾ എക്കാലത്തെയും ഉയർന്ന നിലയിലാണ്. വീസ്‌കോൻസെൻ പോലുള്ള സംസ്ഥാനങ്ങളിൽ കിന്‍റർഗാർട്ടൻ വിദ്യാർഥികളിൽ ഏകദേശം 86% പേർക്ക് മാത്രമേ വില്ലൻ ചുമ വാക്സിൻ ലഭിച്ചിട്ടുള്ളൂ. ദേശീയ ശരാശരി 92%ൽ കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല