സമാധാന പദ്ധതി വിലയിരുത്താനുള്ള ഐക്യരാഷ്ട്ര നിരീക്ഷകര്‍ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്സ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണമെന്ന് സിറിയ ആവശ്യപ്പെട്ടു. സമാധാനകരാര്‍ നടപ്പാകുന്നുണ്ടോയെന്നതു സംബന്ധിച്ച് നിരീക്ഷണം നടത്താനുള്ള യു.എന്‍. തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് സിറിയന്‍ വാര്‍ത്താ വിതരണ മന്ത്രി അദ്നന് മഹമൂദ് ഇത്തരമൊരു ആവശ്യമുന്നയിച്ചത്.
യു.എന്നിന്റെയും അറബ് ലീഗിന്റെയും സമാധാനക്കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ സിറിയ, പാശ്ചാത്യ രാജ്യങ്ങള്‍ കരാറിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. നിഗൂഢലക്ഷ്യമാണിതിനു പിന്നിലെന്നും അദ്നന് മഹമൂദ് കുറ്റപ്പെടുത്തി. സിറിയയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിറിയന്‍ മന്ത്രി.
രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കാതെ മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന് കൊണ്ടുവന്ന സമാധാനക്കരാറിനുള്ളില് നിന്ന് സിറിയ പ്രവര്‍ത്തിക്കുമെന്നും വിദേശ സൈനിക ഇടപെടലുകളെ എതിര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് 29 ന് ന്യൂഡല്‍ഹിയില്‍ നടന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്സ് ഉച്ചകോടി സിറിയയിലെ പ്രശ്നങ്ങള്‍ സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിദേശ സൈനിക ഇടപെടല്‍ ഉണ്ടാകരുതെന്നും ബ്രിക്സ് രാജ്യങ്ങള്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച ചേര്‍ന്ന യു.എന്‍. രക്ഷാ സമിതി യോഗം സിറിയയിലേക്കുള്ള നിരീക്ഷകരുടെ എണ്ണം 30 ല്‍ നിന്നും 300 ആയി ഉയര്‍ത്താന്‍ ഐകകണേ്ഠ്യന തീരുമാനിച്ചിരുന്നു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തോടും പ്രതിപക്ഷകക്ഷികളോടും പോരാട്ടം അടിയന്തരമായി അവസാനിപ്പിക്കാനും രക്ഷാസമിതി ആവശ്യപ്പെട്ടു.
എന്നാല്‍, ഒരാഴ്ച മുന്‍പ് വെടിനിര്‍ത്തല്‍ ആരംഭിച്ച സിറിയയില്‍ ഇപ്പോഴും ആക്രമണങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് അസദിന്റെ സൈന്യം ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. ദൗമയില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേരും ടെയ്റ്റിയില് ഒരാളുമാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല