സിറിയയില്‍ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ 12 സൈനികരടക്കം അമ്പതു പേര്‍ മരിച്ചു. പത്തോളം പ്രക്ഷോഭകാരികള്‍ക്കു പരുക്കേറ്റു. അറബ്-യുഎന്‍ പ്രതിനിധി കൊഫി അന്നന്‍റെ മധ്യസ്ഥതയില്‍ ധാരണയായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെയാണു പുതിയ സംഭവ വികാസങ്ങള്‍.
അക്രമങ്ങളില്‍ നിന്നു പിന്മാറുമെന്നു വിമതര്‍ എഴുതി നല്‍കിയാല്‍ മാത്രമേ വെടിനിര്‍ത്തൂവെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ആവശ്യം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ നിരാകരിച്ചു. ഇതോടെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി.
തുര്‍ക്കിയോടു ചേര്‍ന്നുള്ള അലെപ്പോ പ്രവശ്യയിലാണു പ്രക്ഷോഭകാരികളും സൈന്യ വും തമ്മില്‍ കനത്ത ഏറ്റുമുട്ടലുണ്ടായത്. സല്‍മാ വില്ലെജില്‍ കംസ്റ്റംസ് ഉദ്യോഗസ്ഥരടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. തല്‍ റിയാഫത്തില്‍ സൈന്യം ഷെല്‍ വര്‍ഷിച്ചു. സുക്കാറിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാര്‍ മരിച്ചു. തലസ്ഥാനമായ ഡമാസ്കസിനു പുറത്തു സൈനികര്‍ സഞ്ചരിച്ച ബസിനു സമീപമുണ്ടായ സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
സിറയയുടെ കിഴക്കന്‍ പ്രവശ്യകളിലും സൈന്യം ആക്രമണം ശക്തമായിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളില്‍ കൊഫി അന്നന്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു. സിറിയന്‍ സര്‍ക്കാര്‍ തനിക്കു തന്ന ഉറപ്പുകളില്‍ നിന്നു പിന്‍വലിയുകയാണെന്നും അന്നന്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സിറിയയില്‍ 180 പേര്‍ കൊല്ലപ്പെട്ടതായാണു നിരീക്ഷകരുടെ കണക്ക്. ഇതില്‍ ഭൂരിഭാഗവും സാധരണക്കാരായിരുന്നു.
സമാധാന ശ്രമങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കാനുള്ള പ്രസിഡന്‍റ് ബാഷര്‍ അല്‍ സദറിന്‍റ തന്ത്രത്തിന്‍റെ ഭാഗമായാണു സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നില്‍വച്ചതെന്നു പ്രതിപക്ഷം ആരോപിച്ചു. അതിനിടെ, തങ്ങളുടെ അതിര്‍ത്തിയിലേക്കു സംഘര്‍ഷം വ്യാപിക്കുന്നതിലുള്ള ആശങ്ക തുര്‍ക്കി സിറിയയെ അറിയിച്ചു. സിറിയന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി തുര്‍ക്കി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം 24000ത്തോളംപേര്‍ തുര്‍ക്കിയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ആരംഭിച്ചതിനുശേഷം ഇതാദ്യമായാണു തുര്‍ക്കി അതിര്‍ത്തിയിലേക്കു സംഘര്‍ഷം വ്യാപിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കൊഫി അന്നന്‍ തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാംപുകളില്‍ ഇന്നു സന്ദര്‍ശനം നടത്തും. ഇറാനിലക്കുള്ള യാത്ര മധ്യേയാണു അന്നന്‍റെ തുര്‍ക്കി സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല