ബാഷര്‍ അല്‍ അസദിനെതിരെയുള്ള പ്രതിഷേധവുമായി തുടങ്ങിയ സിറിയയിലെ ആഭ്യന്തര കലാപങ്ങളില്‍ ഇതുവരെ 220,000 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദെല്‍ റഹ്മാന്‍ പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇതുവരെയായിട്ടും അറുതിയില്ല. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന സിറിയയിലെ യുദ്ധഭൂമിയിലും മറ്റുമുള്ള ആളുകള്‍ വഴിയാണ് വിവരശേഖരണം നടത്തിയത്. സംഘടനയ്ക്ക് സിറിയയില്‍ ധാരാളം ഇന്‍ഫോര്‍മേഴ്‌സുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.
ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണ് മരിച്ചവരില്‍ 40,000 പേര്‍. 28,000 ആളുകള്‍ വിദേശികളായ ജിഹാദിസ്റ്റുകളാണ്. സിറിയയിലെ കലാപങ്ങളിലും മറ്റും ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളെ സഹായിക്കുന്നതിനാണ് വിദേശത്ത്‌നിന്നുള്ള ജിഹാദിസ്റ്റുകള്‍ സിറിയയില്‍ എത്തിയത്. അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള അല്‍ നൂസ്‌റ ഫ്രണ്ടും സിറിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ്. വേരോട്ടം കൂടുതല്‍ ഐഎസിനാണ്.
സിറിയയിലെ കലാപങ്ങള്‍ക്കിടയില്‍ കാണാതായ 20,000 ഉള്‍പ്പെടുത്താതെയാണ് മരിച്ചവരുടെ എണ്ണം ഒബ്‌സര്‍വേറ്ററി ഗ്രൂപ്പ് പുറത്തു വിട്ടിരിക്കുന്നത്. കാണാതായ ആളുകളെയും നിരീക്ഷക സംഘങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ മരിച്ച ആളുകളുടെ എണ്ണവും കൂട്ടി യോജിപ്പിച്ചാല്‍ സംഖ്യ ഇനിയും വലുതായിരിക്കുമെന്നും നിരീക്ഷക സംഘം പറയുന്നു.
സംഘര്‍ഷങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ലക്ഷക്കണക്കിന് ആളുകള്‍ സിറിയയില്‍നിന്ന് പാലായനം ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോയവരോ ബോംബ് പൊട്ടി വീടും മറ്റ് അഭയസ്ഥാനങ്ങളും നഷ്ടപ്പെട്ടവരോ ആണിവര്‍. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന ക്യാംപുകളില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല