സ്വന്തം ലേഖകൻ: സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കമാൻഡർ അടക്കം ഒട്ടേറെ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രധാന എംബസി കെട്ടിടത്തോടു ചേർന്നുള്ള ഓഫിസ് സമുച്ചയം തകർന്നടിഞ്ഞു. ഇറാൻ റവലൂഷനറി ഗാർഡ്സ് കോർപ്സിന്റെ സീനിയർ കമാൻഡർ മുഹമ്മദ് റെസ സഹേദിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി അംബാസഡർ ഹുസൈൻ അക്‌ബരി പറഞ്ഞു.
ഡമാസ്കസിലെ മെസെ ജില്ലയിലാണ് ഇറാൻ എംബസി. ഇറാൻ പിന്തുണയുള്ള ഹമാസ് ഗാസയിൽ നടത്തുന്ന തിരിച്ചടിക്കും ഇറാനിൽ നിന്നുള്ള ഭീഷണിക്കും മറുപടിയാണ് ഈ ആക്രമണമെന്നാണു വിലയിരുത്തൽ. സഹേദിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു കരുതുന്നതായി ഇറാൻ പ്രതികരിച്ചു.
ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ സിറിയയിൽ മുൻപും ആക്രമണം നടത്തിയിരുന്നു. ഇറാനിൽ നിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രയേൽ ശ്രമമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇസ്രയേൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗാസയിലെ ഷിഫ ആശുപത്രി സമുച്ചയം നാശകൂമ്പാരമാക്കി ഇസ്രയേൽ രണ്ടാഴ്ചത്തെ സൈനിക നടപടി അവസാനിപ്പിച്ച് പിൻവാങ്ങി. സൈനിക നടപടി ലക്ഷ്യം കണ്ടെന്നും പ്രധാന നേതാക്കൾ ഉൾപ്പെടെ 200 ഹമാസ് പ്രവർത്തകരെ വധിക്കുകയും 900 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഇസ്രയേൽ സേന അവകാശപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരിൽ നൂറിലേറെപ്പേരെ ഇനിയും മോചിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇസ്രയേലിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി.
ഹമാസിനെതിരായ സൈനിക നടപടി തെക്കൻ ഗാസയിലെ റഫ നഗരത്തിലേക്കു വ്യാപിപ്പിക്കുന്നതിന് ഇസ്രയേൽ യുഎസുമായി ചർച്ച നടത്തി. 13 ലക്ഷത്തോളം പലസ്തീൻകാർ അഭയം തേടിയിട്ടുള്ള റഫ ആക്രമിക്കരുതെന്നും യുഎൻ പ്രമേയം മാനിച്ച് വെടിനിർത്തലിനു തയാറാകണമെന്നുമാണ് യുഎസ് നിലപാട്. അൽ ജസീറ ടിവിയുടെ ഇസ്രയേലിലെ സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ശ്രമം തുടങ്ങി. പാർലമെന്റ് ഉടൻ വിളിച്ചുകൂട്ടി ഇതിനുള്ള നിയമനിർമാണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പു നൽകി. ആക്രമണത്തേക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, തിങ്കളാഴ്ച ദക്ഷിണ ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ ഇറാനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല