സിറിയയില്‍ നാളുകളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും കലാപം അവസാനിപ്പിക്കാനും അദ്ദേഹം സിറിയന്‍ അധികൃതരോട് അഭ്യര്‍ഥിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. പ്രാര്‍ഥനാവേളയില്‍ സിറിയയില്‍ ദുരിതമനുഭവിക്കുന്നവരെ താന്‍ സ്മരിക്കാറുണ്ടെന്നും ഇരകളില്‍ ഒട്ടേറെ കുട്ടികളും ഉണ്ടെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സിറിയയിലെ രാഷ്ട്രീയകേന്ദ്രങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മാര്‍പാപ്പ പറഞ്ഞു.
അതേസമയം പ്രതിഷേധം നടത്തുന്ന പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഏത് തരത്തിലുള്ള ചര്‍ച്ചയാണ് നടത്തുകയെന്ന് വ്യക്തമായിട്ടില്ല. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കയ്റോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുമായി ചേര്‍ന്ന് സിറിയയില്‍ സംയുക്ത സമാധാന ദൌത്യത്തിനും യോഗം ആഹ്വാനം ചെയ്തു.
ഈ മാസം 24 ന് ടുണീഷ്യന്‍ തലസ്ഥാനമായ ടുണിസില്‍ വീണ്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. സിറിയയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നെങ്കിലും ഇത് നടപ്പാക്കുന്നത് ഓരോ രാജ്യങ്ങളുടെയും സ്വന്തം തീരുമാനത്തിന് വിട്ടു. മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അയവുണ്ടാകാത്ത സ്ഥിതിയിലാണ് പ്രശ്നപരിഹാരത്തിന് അറബ് രാജ്യങ്ങള്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല