സ്വന്തം ലേഖകന്‍: സിറിയയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങി ഇസ്ലാമിക് സ്റ്റേറ്റ്, ശരിയത്തും തല വെട്ടലും വെടിവച്ചു കൊല്ലലും പഠന വിഷയങ്ങള്‍. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് സിറിയന്‍ നഗരമായ അല്‍ റഖയില്‍ അടച്ച സ്‌കൂളുകള്‍ വീണ്ടും തുറന്നത്. വിദ്യാര്‍ഥികളെ മികച്ച ചാവേറുകളും ഭീകരരുമാക്കാന്‍ പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ മറ്റു സിറിയന്‍ നഗരങ്ങളിലും തുറക്കാന്‍ ഐസിസ് ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശരിയത്ത് നിയമങ്ങളും അറബിഭാഷയ്ക്കും പുറമേ തലയറുക്കലും വെടിവെച്ചു കൊല്ലുന്നതും ക്രൂരതകള്‍ പരിശീലിക്കാനായി വിദ്യാര്‍ഥികള്‍ക്ക് ഡമ്മികള്‍ നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2014 ല്‍ ഏറ്റെടുക്കുമ്പോള്‍ ഐസിസ് റഖയിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയും പുസ്തകങ്ങള്‍ കത്തിക്കുകയും അദ്ധ്യാപകരെ പഴയ പാഠ്യവിഷയം പഠിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കുകയും ചെയ്തിരുന്നു.
ഒരു ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നെങ്കിലും മിക്ക വിഷയങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന് പകരം ശരിയത്ത് പാഠങ്ങളും അറബി ഭാഷയുമാണ് പഠിപ്പിക്കുന്നത്. സിറിയന്‍ സ്‌കൂളുകളില്‍ ബോംബ് നിര്‍മ്മാണവും പരീക്ഷണവും പരിശീലിപ്പിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ഇവിടെ നിന്നും ജീവനുംകൊണ്ട് പലായനം ചെയ്യുകയാണ്.
തല വെട്ടല്‍ പരിശീലിക്കാനായി ഐസിസ് തീവ്രവാദികള്‍ സാധാരണ വധിക്കുന്ന ബന്ദികള്‍ക്ക് നല്‍കുന്ന ഓറഞ്ച് സ്യൂട്ട് ധരിപ്പിച്ച വെള്ളക്കാരുടെ രൂപത്തിലുള്ള പാവകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. കുട്ടികളെ ചാവേറുകള്‍ ആക്കുന്നതിന്റെ വീഡിയോകള്‍ നേരത്തേ ഭീകരര്‍ പുറത്തുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല