സ്വന്തം ലേഖകന്‍: സിറിയയിലെ ഗുട്ടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു; ആഭ്യന്തര യുദ്ധത്തിന്റെ ഏഴു വര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 3,50,000 പേരെന്ന് കണക്കുകള്‍. സിറിയന്‍ സൈന്യം വിമതരും പരസ്പരം ഏറ്റമുട്ടുന്ന കിഴക്കന്‍ ഗുട്ടയില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ആയിരം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
സിഡന്റ് ബശ്ശാര്‍ അല്‍അസദിനെ താഴെയിറക്കാന്‍ ലക്ഷ്യമിട്ട് ഏഴു വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ മരണം മൂന്നര ലക്ഷത്തിലേറെയാണെന്നും കണക്കുകള്‍ കാണിക്കുന്നു. 2011 മാര്‍ച്ച് 15ന് തുടങ്ങിയ യുദ്ധത്തില്‍ 3,53,935 പേരാണ് മരിച്ചതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയോടെ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിലേറെയും സിവിലിയന്മാരാണ്. 1,06,390 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതില്‍ 19,811 കുഞ്ഞുങ്ങളും 12,513 സ്ത്രീകളുമുണ്ട്.
കൊല്ലപ്പെട്ട സൈനികര്‍ 63,820 ആണ്. സര്‍ക്കാര്‍ അനുകൂല മിലീഷ്യകള്‍ 58,130. പുറത്തുനിന്നുള്ള ശിയാ ഗ്രൂപ് അംഗങ്ങള്‍ 7686. വിമത, കുര്‍ദ് വിഭാഗങ്ങളിലെ 62,039 പേരും മരിച്ചിട്ടുണ്ട്. വിവരം ലഭ്യമല്ലാത്ത 196 പേരുമുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് സമീപത്തുള്ള വിമതരുടെ അവസാനശക്തി കേന്ദ്രമാണ് കിഴക്കന്‍ ഗുട്ട. ഇതുകൂടി പിടിച്ചുകഴിഞ്ഞാല്‍ വിമതര്‍ക്ക് മേല്‍ അപ്രമാധിത്യം നേടാന്‍ സിറിയന്‍ ഭരണകൂടത്തിനാകുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല