സ്വന്തം ലേഖകന്‍: സിറിയയിലെ ഗൂട്ടയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സേന വിജയത്തിലേക്ക്; വീണ്ടും കൂട്ടപ്പലായനം; നഗരത്തില്‍ കുറുങ്ങിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം പേര്‍. വര്‍ഷങ്ങളായി വിമതര്‍ ഭരിക്കുന്ന കിഴക്കന്‍ ഗൂട്ടയിലെ മിക്ക പ്രദേശങ്ങളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അനുകൂലിക്കുന്ന സൈന്യം പിടിച്ചതോടെ സിവിലിയന്മാരുടെ പലായനം വീണ്ടും ശക്തമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസാവസാനം നഗരം പിടിക്കാന്‍ സൈനികനീക്കം ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ ഒഴിഞ്ഞുപോക്കാണിത്. സിറിയന്‍ സേന ആക്രമണം ശക്തമാക്കിയ ഹമൂരിയയില്‍നിന്ന് സൈനിക നിയന്ത്രണത്തിലുള്ള മേഖലകളിലേക്കാണ് പലായനം.
ഗൂതയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം വന്‍ദുരിതം വിതച്ച മേഖലയില്‍ 25 ലോറികളിലായി വ്യാഴാഴ്ച ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. ‘ജയ്ശുല്‍ ഇസ്‌ലാം’ എന്ന വിമത സംഘം നിയന്ത്രിക്കുന്ന മേഖലയിലാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്. ഗൂതയില്‍ ഇതുവരെയായി 1540 പേര്‍ കൊല്ലപ്പെട്ടതില്‍ ഏറെയും സിവിലിയന്മാരാണ്.
സിറിയയില്‍ 2011 മാര്‍ച്ച് 15ന് പ്രസിഡന്റിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം എട്ടാം വര്‍ഷത്തിലേക്ക് കടന്നതിനിടെയാണ് ഗൂത കൂടി നിയന്ത്രണത്തിലാക്കി ബശ്ശാര്‍ കൂടുതല്‍ കരുത്തനാകുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നത്. 1.10 കോടി പേര്‍ ഇതുവരെ പലായനം ചെയ്ത രാജ്യത്ത് ഇത്രയും വര്‍ഷങ്ങള്‍ക്കിടെ മൂന്നര ലക്ഷത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്.
ആദ്യ വര്‍ഷങ്ങളില്‍ കനത്ത പരാജയം നേരിട്ട അസദ് 2015ല്‍ റഷ്യന്‍ സേന സഹായവുമായി എത്തിയതോടെയാണ് മുന്നേറ്റം തുടങ്ങിയത്. ആദ്യം ഐ.എസിനെയും പിന്നീട് മറ്റു വിമത ഗ്രൂപ്പുകളെയും നിര്‍വീര്യമാക്കി രാജ്യത്ത് അധികാരമുറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ബശ്ശാര്‍ അല്‍അസദ്. റഷ്യയുടെ വ്യോമശേഷിക്കു പുറമെ ഇറാന്റെ കരസേനയും സഹായത്തിനുള്ളതാണ് മുന്നേറ്റം എളുപ്പമാക്കുന്നത്. മറുവശത്ത്, നേരിട്ടുള്ള ഇടപെടല്‍ മാറ്റിവെച്ച് വിമതര്‍ക്ക് ആയുധം നല്‍കുന്ന രീതിയാണ് യു.എസ് സ്വീകരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല