സിവിലിയന്മാര്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമായി തുടരുന്ന സിറിയയില്‍ ഞായറാഴ്ച നടന്ന ജനഹിതപരിശോധനയില്‍ പുതിയ ഭരണഘടന അംഗീകാരം നേടിയതായി റിപ്പോര്‍ട്ട്. ഹിതപരിശോധനയില്‍ 89.4 ശതമാനം വോട്ട് നേടിയാണ് പുതിയ ഭരണഘടന അംഗീകാരം നേടിയെടുത്തതെന്ന് സിറിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനു 2028വരെ അധികാരത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഭരണഘടനയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഹിതപരിശോധന വെറും പ്രഹസനമാണെന്ന് പ്രതിപക്ഷവും പാശ്ചാത്യരാജ്യങ്ങളും ആരോപിച്ചു. 80 ലക്ഷം പേര് വോട്ടു രേഖപ്പെടുത്തിയതായും ഇതില്‍ 75 ലക്ഷത്തോളം വോട്ടും ഭരണഘടനയ്ക്കു അനുകൂലമായിരുന്നുവെന്നും പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.
വെറും ഒന്‍പതു ശതമാനം പേര് മാത്രമാണ് ഇതിനു എതിരായി വോട്ടു രേഖപ്പെടുത്തിയത്. അതേസമയം, അസാദ് ഭരണകൂടം യോഗ്യത കല്‍പ്പിക്കുന്ന രാജ്യത്തെ 60 ശതമാനം പേരെയാണ് ഹിതപരിശോധനയില്‍ പങ്കെടുപ്പിച്ചത്. പുതിയ ഭരണഘടനയ്ക്കു അംഗീകാരം ലഭിച്ചതായുള്ള മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ സിറിയന്‍ സൈന്യം കനത്ത ആക്രമണം തുടങ്ങി. അതേസമയം, പുതിയ ഭരണഘടനക്ക് അംഗീകാരം ലഭിച്ചാല്‍ മൂന്നു മാസത്തിനകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്ന് അസാദ് പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല