സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് കരളുരുക്കുന്ന ചിത്രം വീണ്ടും, ഇത്തവണ യുദ്ധത്തില്‍ അനാഥരായി കെട്ടിപ്പിടിച്ച് കരയുന്ന സഹോദരന്മാര്‍. ബുധനാഴ്ച സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അലെപ്പോയ്ക്ക് സമീപ പ്രദേശമായ ബാബ് അല്‍ നെയ്‌റബില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിലാണ് ഫോട്ടോയിലെ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടമായത്.
റഷ്യയുടെ സഹായത്തോടെ വിമതര്‍ക്കെതിരേ ആക്രമണം കടുപ്പിച്ചിരിക്കുന്ന സിറിയന്‍ അധികൃതര്‍ എതിരാളികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ നിരന്തരം ബോംബാക്രമണം നടത്തുന്നതായാണ് വിവരം. ആക്രമണം പലപ്പോഴും സാധാരണ ജനങ്ങളുടെ നേര്‍ക്ക് കൂടിയാകുന്നതായി യുഎന്‍ നിരീക്ഷിക്കുന്നു. ഒരാഴ്ച മുമ്പാണ് വ്യോമാക്രമണത്തെ തുടര്‍ന്ന് പൊടി പിടിച്ച് മുഖത്തേക്ക് ഒഴുകുന്ന രക്തം കൈ കൊണ്ടു തുടച്ച് നിര്‍വ്വികാരതയോടെ ഇരിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഒമ്രാന്റെ ചിത്രം ആഗോള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
വിമതരുടെ കേന്ദ്രമായ ബാബ് അല്‍ നയ്‌റാബില്‍ ബുധനാഴ്ച നടന്ന ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും വരെ കൊല്ലപ്പെട്ടിരുന്നു. അതേസമയം ബാരല്‍ ബോംബ് ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്. സിറിയയില്‍ 2011 മുതല്‍ ഇതുവരെ 290,000 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് എകദേശ കണക്ക്.
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് പ്രാമുഖ്യമുള്ള മേഖലകളില്‍ റഷ്യയുടെ സഹായത്തോടെയാണ് സിറിയ വന്‍ ആക്രമണമാണ് നടത്തുന്നത്. അല്‍ ക്വൊയ്ദയുമായി ബന്ധമുള്ള അല്‍ നുസ്ര ഗ്രൂപ്പും യുദ്ധരംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല