സ്വന്തം ലേഖകന്‍: സിറിയ കൊടും പട്ടിണിയില്‍ മുങ്ങിത്താഴുന്നു, വൈകിയെത്തുന്ന സഹായവുമായി ഐക്യരാഷ്ട്ര സഭ. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം സിറിയയില്‍ പതിനഞ്ചോളം പ്രവിശ്യകളില്‍ നാല് ലക്ഷം ആളുകള്‍ ഭീകരസംഘടനകളുടെ ഉപരോധംകാരണം പുറംലോകവുമായി ബന്ധമില്ലാതെയും സന്നദ്ധസംഘടനകളുടേതടക്കമുള്ള സഹായം ലഭിക്കാതെയും കഴിയുകയാണ്. പട്ടിണികിടന്ന് എല്ലുംതോലുമായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു.
സിറിയന്‍നഗരമായ മദായയില്‍ നൂറുകണക്കിനുപേര്‍ പട്ടിണിമൂലം വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നതടക്കമുള്ള വാര്‍ത്തകളും ചിത്രങ്ങളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങളില്‍ യുഎന്‍ ഭക്ഷണമുള്‍പ്പെടയുള്ള സഹായം എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ തീവ്രവാദസംഘടനകള്‍ തടയാന്‍ ശ്രമിച്ചിരുന്നു.
ലബനീസ് ഹിസ്ബുള്ളയും ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഏര്‍പ്പെടുത്തിയ ഉപരോധംകാരണം 42,000 പേരാണ് മദായയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്നതെന്ന് യുഎന്‍ പറഞ്ഞു. ഇവിടെ ഇതിനകം 23 പേര്‍ പട്ടിണികിടന്ന് മരിച്ചെന്ന് ഡോക്ടേഴ്‌സ് വിത്തൌട്ട് ബോഡേഴ്‌സ് എന്ന സംഘടന വ്യക്തമാക്കി.
കെഫ്രായയിലും ഫൌവയിലും 12,500 പേരാണ് സഹായം ലഭിക്കാതെ കഴിയുന്നത്. അല്‍ നുസ്‌റ ഫ്രണ്ട് എന്ന സംഘടനയാണ് സഹായസംഘങ്ങളെ തടയുന്നത്. പലയിടങ്ങളിലും ഏതാനും ദിവസം ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കുടിവെള്ളവും മറ്റ് അവശ്യ വസ്തുക്കളും മാത്രമെ അവശേഷിച്ചിട്ടുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല