സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു, ഐഎസിനു വേണ്ടി പോരാടുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരെ കൊന്നു തള്ളാന്‍ നിര്‍ദേശം. സിറിയയില്‍ അവശേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ വിദേശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ സംരക്ഷിക്കേണ്ടെന്ന് വിവിധ രാജ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഐഎസിനൊപ്പം ചേര്‍ന്ന വിദേശ പൗരന്മാരായ ഇവര്‍ യുദ്ധത്തിനിടെ ഇവര്‍ കൊല്ലപ്പെട്ടാലും അത് പ്രശ്നമല്ലെന്നാണ് സിറിയയിലെ സഖ്യ സേനയുടെ നിലപാട്.
പോരാട്ടം സിറിയയിലെ റാഖയില്‍ അവശേഷിക്കുന്ന ഭീകരരിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് ഭീകരരോട് ഒരു ദയയും വേണ്ടെന്ന് ലോക രാജ്യങ്ങള്‍ കൂട്ടായി തീരുമാനമെടുത്തിരിക്കുന്നത്. മുന്നൂറോളം ഭീകരര്‍ റാഖയിലെ ഒരു സ്റ്റേഡിയത്തിലും ആശുപത്രിയിലും ഒളിവിലുണ്ടെന്നാണു സൂചന. കീഴടങ്ങണമോയെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുകയാണെന്നും സിറീയന്‍ സൈന്യം പറയുന്നു.
സിറിയയില്‍ നടക്കുന്ന പോരാട്ടത്തില്‍ ‘ജിഹാദികള്‍’ കൊല്ലപ്പെടുന്നെങ്കില്‍ അതു നല്ലതിനാണെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. മറ്റു വിദേശരാജ്യങ്ങളില്‍ നിന്നെത്തി പരിശീലനം തേടി സിറിയയില്‍ ഐഎസിനോടൊപ്പം നില്ക്കുന്ന വിദേശ ഭീകരരെ അവിടെ വച്ചു തന്നെ കൊലപ്പെടുത്തുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
മിക്ക രാജ്യങ്ങളും തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായും നീതിന്യായ വ്യവസ്ഥയ്ക്ക് അനാവശ്യ തലവേദനയുമായാണ് ഐഎസ് ഭീകരരുടെ തിരിച്ചു വരവിനെ കാണുന്നത്. അതൊഴിവാക്കാനാണു രാജ്യങ്ങളുടെ നീക്കം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന് എല്ലാ സഖ്യരാജ്യങ്ങളും തങ്ങളുടെ രാജ്യത്തു നിന്ന് ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരുടെ ഫോട്ടോകളും മറ്റു വിവരങ്ങളും കൈമാറിയിട്ടുണ്ട്. എല്ലാ വിദേശ ഭീകരരെയും കൊന്നൊടുക്കുമെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല