സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന റഖ തിരിച്ചുപിടിച്ചതായി സിറിയന്‍ സേന. ഐഎസിന്റെ പിടിയില്‍നിന്നു നഗരത്തെ മോചിപ്പിച്ചെന്ന വാര്‍ത്തയെത്തുടര്‍ന്ന് റാഖയിലെങ്ങും തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. നാലു മാസം നീണ്ട സൈനിക നീക്കത്തിനൊടുവിലാണ് ഐ.എസിനെ ഇവിടെനിന്ന് തുരത്താന്‍ യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന് കഴിഞ്ഞത്.
മഞ്ഞക്കൊടികളുമേന്തി നൂറു കണക്കിന് സിറിയന്‍ സൈനികര്‍ നഗരത്തിലേക്ക് പ്രവേശിച്ചതായും നിരവധി ഭീകരരരെ വധിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നേരത്തേ സ്ഥാപിച്ച മൈനുകളും സ്ഫോടക വസ്തുക്കളും നീക്കം ചെയ്യുന്നതിനായി കൂടുതല്‍ ട്രൂപ്പിനെ വിന്യസിച്ചു കൊണ്ടിരിക്കുകയാണ്. ജൂണ്‍ ആറിനാണ് സിറിയന്‍ സേന ഐ.എസിനെതിരായ നടപടിക്ക് തുടക്കം കുറിച്ചത്.
ജനുവരി മുതല്‍ മൂവായിരത്തിലേറെ ബോംബുകള്‍ ഇവിടെ വര്‍ഷിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ സ്കൂളുകളും ആശുപത്രികളും വീടുകളും അടക്കം തകര്‍ന്നു. മൂന്നു ലക്ഷം ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ ഇപ്പോള്‍ അതിന്റെ ഒരു ശതമാനം പോലുമില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിയും വെള്ളവുമില്ലാത്ത നഗരം തീര്‍ത്തും വാസയോഗ്യമല്ലാതായി മാറിക്കഴിഞ്ഞതായി സിറിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ റാഖ പൂര്‍ണമായി പിടിച്ചെടുത്തെന്നു ഔദ്യോഗികമായി സമ്മതിക്കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വിസമ്മതിച്ചു. അതേസമയം, 90 ശതമാനത്തോളം പ്രദേശം ഐഎസില്‍നിന്നു മോചിപ്പിച്ചുവെന്നവര് സ്ഥിരീകരിച്ചു. 87% പ്രദേശം ഐഎസില്‍നിന്നു പിടിച്ചെടുക്കാനായതായി സഖ്യസേനയുടെ വക്താവ് റയാന് ഡില്ലണ്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നഗരത്തില്‍ പലയിടങ്ങളിലായ ഐഎസ് ഭീകരര്‍ ബോംബുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെന്നും ഡില്ലണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല