സ്വന്തം ലേഖകന്‍: ലോക നേതാക്കളെ അഭയാര്‍ഥികളായി ചിത്രീകരിച്ച സിറിയന്‍ കലാകാരന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. അബ്ദല്ല അല്‍ ഒമാരി എന്ന സിറിയന്‍ അഭയാര്‍ഥി കലാകാരന്റെ ഭാവനയില്‍ വിരിഞ്ഞ പെയിന്റിംഗുകളാണ് അതിന്റെ ശക്തമായ രഷ്ട്രീയ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. തോളിലുറങ്ങി കിടക്കുന്ന പെണ്‍കുഞ്ഞുമായി ശിഥിലമാക്കപ്പെട്ട കുടുംബത്തിന്റെ ചിത്രവുമായി നില്‍ക്കുന്ന വൃദ്ധനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കൂടാതെ വ്‌ളാദിമിര്‍ പുടിന്‍, ബരാക് ഒബാമ, കിം ജോന്‍ ഉന്‍, ബശ്ശാര്‍ അല്‍ അസദ്, ഡേവിഡ് കാമറണ്‍, നെതിന്യാഹു, അല്‍ സിസി തുടങ്ങിയ നേതാക്കളും ഒമാരിയുടെ പ്രദര്‍ശനത്തില്‍ അഭയാര്‍ഥികള്‍കളുടെ ഭക്ഷണ വിതരണ വരിയില്‍ പാത്രവുമായി പ്രത്യക്ഷപ്പെടുന്നു.
ദുബൈ ആര്‍ട്ട് ഗാലറിയില്‍ ”ദ വള്‍നേര്‍ബിലിറ്റി സീരീസ്” എന്ന പേരില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം അഭയാര്‍ഥികളുടെ ജീവിതം വ്യത്യസ്ത രീതിയില്‍ കോറിയിടുകയാണ് അബ്ദല്ല. ബെല്‍ജിയത്തിലേക്ക് കുടിയേറിയ അബ്ദല്ല, ബ്രസെല്‍സിലെ സ്റ്റുഡിയോയില്‍ വെച്ചാണ് തന്റെ ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. ”ദ വള്‍നേര്‍ബിലിറ്റി സീരീസ്” ചിത്രങ്ങള്‍ 19 മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും അബ്ദല്ല പറയുന്നു.
അധികാരത്തിന്റെ അപ്പുറത്ത് നേതാക്കളെല്ലാം സാധാരണ മനുഷ്യരാണെന്ന സന്ദേശമാണ് അബ്ദല്ല തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞുവെക്കുന്നത്. കൂടാതെ സിറിയന്‍ വിഷയത്തോടും അഭയാര്‍ഥി പ്രശ്‌നങ്ങളോടുമുള്ള ലോക രാജ്യങ്ങളുടെ നിലപാടും ചിത്രകല എന്ന മാധ്യമത്തിലൂടെ അബ്ദല്ല പറഞ്ഞുവെക്കുന്നു.
‘2011 ല്‍ ദമാസ്‌കസില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോഴാണ് ചിത്രരചനയിലേക്ക് തിരിഞ്ഞത്. യുദ്ധാന്തരീക്ഷത്തില്‍ തുടരാന്‍ കഴിയാത്തതിനാല്‍ ബെല്‍ജിയത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു. ജനങ്ങള്‍ നേതാക്കളെ ആദരിക്കുമ്പോള്‍ അവരുടെ വീഴ്ചകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല, അവരെ ദരിദ്രരോ ക്ഷീണിതരോ ആയി കാണാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ അങ്ങനെയെല്ലാമാണ്,” അബ്ദല്ല പറയുന്നു.
മുഷിഞ്ഞ കോട്ടും തൊപ്പിയും കയ്യില്‍ സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി നില്‍ക്കുന്ന ഉര്‍ദുഗാന്‍, സഹായിക്കണമെന്ന നോട്ടീസുമായി നില്‍ക്കുന്ന വൃദ്ധനായ പുടിന്‍, തണുപ്പിനെ ചെറുക്കാന്‍ ഓവര്‍ കോട്ടും കയ്യില്‍ ബിയര്‍ ഗ്‌ളാസുമായി നില്‍ക്കുന്ന ഡേവിഡ് കാമറണ്‍, കളിപ്പാട്ട മിസൈല്‍ പിറകിലൊളിപ്പിച്ച് പതറിനില്‍ക്കുന്ന കുട്ടി കിം ജോന്‍ ഉന്‍, നീളന്‍ കുപ്പായവും വടിയുമേന്തി കാലിയെ മേക്കുന്ന അബ്ദുല്‍ ഫത്താഹ് ഗിലാനി, പരമ്പരാഗത ജര്‍മന്‍ വേഷത്തിലിരിക്കുന്ന ആംഗല മെര്‍ക്കല്‍, കൂട്ടപലായന ചിത്രത്തില്‍ ട്രംപും ഒബാമയും ഹിലരി ക്‌ളിന്റനും തേരേസ മേയും ബോറിസ് ജോണ്‍സണും ബശ്ശാര്‍ അല്‍ അസദും എന്നിങ്ങനെ അഭയാര്‍ഥി ജീവിതത്തിന്റെ കനമില്ലായ്മയും അധികാരത്തിന്റെ ഭാരവും നേര്‍ക്കു നേര്‍ വരുന്ന ഒമാരിയുടെ പെയിന്റിംഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം തരംഗമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല