സ്വന്തം ലേഖകന്‍: സിറിയയിലേക്ക് യുഎസ് മിസൈല്‍ വരുന്നു, തടുക്കാമെങ്കില്‍ തടുത്തോളൂ; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്. ‘ഏതുതരത്തിലുള്ള മിസൈലുകളും വെടിവെച്ചിടുമെന്നാണ് റഷ്യ അറിയിച്ചത്. തടുക്കാന്‍ തയാറെടുത്തു കൊള്ളൂ. അവ ഉടന്‍ എത്തും. സ്വന്തം ജനതയെ രാസായുധം പ്രയോഗിച്ച് കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മൃഗങ്ങളോട് കൂട്ടുകൂടരുത് നിങ്ങള്‍,’ ട്രംപ് ട്വീറ്റ് ചെയ്തു. രാസായുധാക്രമണത്തെ തുടര്‍ന്ന് സിറിയ കൂടുതല്‍ അസ്ഥിരതയിലേക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിറിയയിലെ സൈനിക ഏറ്റുമുട്ടല്‍ തടയുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും യുദ്ധസമാന ഭീഷണിയുയര്‍ത്തുന്നത്. സൈനിക നടപടി സിറിയയെ കൂടുതല്‍ അസ്ഥിരമാക്കുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനു മറുപടിയായാണ് ട്രംപിന്റെ ട്വീറ്റ്. റഷ്യയുമായുള്ള ബന്ധം ശീതകാലയുദ്ധത്തേക്കാള്‍ മോശമായെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. രാസായുധാക്രമണത്തിനു മറുപടിയായി സിറിയയില്‍ സൈനികനീക്കം നടത്താനുള്ള യു.എസ് തീരുമാനം ബാലിശമാണെന്ന് റഷ്യ തിരിച്ചടിക്കുകയും ചെയ്തു.
ഏതുതരം അമേരിക്കന്‍ മിസൈലുകളും വെടിവെച്ചിടുമെന്ന് ലബനാനിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ സസൈപ്കിന്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയന്റെയും ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെയും പിന്തുണയുണ്ട് യു.എസിന്.അതിനിടെ, സിറിയയില്‍ അടുത്ത 72 മണിക്കൂറിനകം വ്യോമാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെ വിമാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത ഏജന്‍സിയായ യൂറോ കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല