ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): അപ്രതീക്ഷിതമായെത്തിയ മഹാമാരിയിൽ ലോകം ഉഴലുമ്പോൾ അതീവജാഗ്രതയോടെ അതിനെ നേരിടുന്ന മുൻനിരപോരാളികളായ പ്രിയപ്പെട്ട നേഴ്‌സുമാർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാകുടുംബത്തിന്റെ സ്നേഹാദരം. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാല് വ്യത്യസ്ത വീഡിയോകളിൽ രൂപതാധ്യക്ഷനോടൊപ്പം ആശംസകളുമായെത്തുന്നത് രൂപതയിലെ വൈദിൿരും വിമൻസ് ഫോറവും, സൺഡേസ്കൂൾ കുട്ടികളും ബ്രിട്ടനിൽ നിന്നുള്ള ഗായകരും. ജീവന്റെ ശുശ്രൂഷക്കു വിളിക്കപ്പെട്ടിരിക്കുന്ന നഴ്സുമാരുടെ വിലപ്പെട്ട പ്രവർത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടും അവർക്ക് ആശംസകളർപ്പിച്ചും അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടുമാണ് എല്ലാ വീഡിയോകളും പുറത്തിറക്കിയിരിക്കുന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിക്കുന്ന ആദ്യ വീഡിയോയിൽ ലോകമെമ്പാടും ആതുര സേവന രംഗത്തു ജോലിചെയ്യുന്ന നഴ്‌സുമാർക്ക് അനുഗ്രഹങ്ങളും, പ്രാർത്ഥനകളും ആശംസകളും അർപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ വൈദികരും എത്തുന്നു.
വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക:
മറ്റൊരു വീഡിയോയിൽ രൂപതാ കുടുംബത്തിലെ മഹാഭൂരിപക്ഷം വരുന്ന നഴ്സുമാരുടെ പ്രതിനിധികളായി രൂപതയിലെ വിമൻസ് ഫോറം എത്തുന്നു. വിമൻസ് ഫോറം ഡയറക്ടർ സിസ്റ്റർ കുസുമം എസ്.എച്ച് ന്റെ ആമുഖ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സന്ദേശത്തിൽ ആശംസകൾ നേരുന്നത് രൂപതാ വിമൻസ് ഫോറത്തിന്റെ ഭാരവാഹികളും ദൈവവചനസന്ദേശവുമായി അഭിവന്ദ്യ പിതാവുമാണ്.
വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക:
നേഴ്‌സുമാർക്ക് അഭിനന്ദനവർഷവുമായി രൂപതാ മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് രചിച്ച് റവ. ഫാ. ജോസ് അഞ്ചാനിക്കൽ ഈണം നൽകിയ ആയിരം ദീപങ്ങൾ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈദികരും സിസ്‌റ്റേഴ്സും ഉൾപ്പെടെ ബ്രിട്ടനിൽ നിന്നുമുള്ള 48 ഗായകരാണ്. നൊമ്പരത്തിലും പുഞ്ചിരി സമ്മാനിക്കുന്ന ജീവന്റെ തോഴരായ ആതുരശുശ്രൂഷകരെയും അവരിൽ നിറയുന്ന ദൈവികസാന്നിദ്ധ്യത്തെയും അവരുടെ വീരോചിതമായ ജീവത്യാഗത്തെയും കുറിച്ചാണ് ശ്രുതിമധുരമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ അഭിനന്ദനഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക:
നഴ്സുമാരായ മാതാപിതാക്കൾക്കും ലോകം മുഴുവനുമുള്ള നേഴ്‌സുമാർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രൂപതയിലെ എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിലെ സൺഡേസ്‌കൂൾ കുട്ടികൾ ഒത്തുചേർന്നപ്പോൾ, ഈ മഹാമാരിയുടെ നടുവിൽ രാപ്പകൽ ജോലിചെയ്യുന്ന നേഴ്‌സുമാർക്കുള്ള ആശ്വാസവചസുകളായി അത് മാറി. ഇംഗ്ലീഷ്, മലയാളം, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, ജർമൻ, ലാറ്റിൻ തുടങ്ങിയ എട്ടു ഭാഷകളിലായി 50 കുട്ടികൾ ചേർന്നാണ് ഈ ആശംസാ വീഡിയോ സമർപ്പിച്ചിരിക്കുന്നത്.
വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക:
നഴ്സുമാരുടെ അറിവ് , വൈദഗ്ധ്യം, ശുശ്രൂഷ, പ്രാർത്ഥനാജീവിതം എന്നിവയെ വിലമതിക്കുന്നതായും അവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തികൾക്കുമുമ്പിൽ ശിരസ്സുനമിക്കുന്നതായും അഭിവന്ദ്യ പിതാവ് തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
ഫാ. ടോമി എടാട്ട്
പിആർഒ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല