ഫാ. ടോമി എടാട്ട് (ബിർമിംഗ്ഹാം): സഭയുടെ ബോധ്യങ്ങളിൽ പൂർണ്ണമായും പങ്കുചേരാനാവുംവിധം പുതുതലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാനുള്ള ഭരിച്ച ഉത്തരവാദിത്വമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭക്കുള്ളതെന്ന് പ്രശസ്ത ദൈവശാസ്ത്രജ്ഞജനും വാഗ്മിയുമായ റവ.ഡോ. അരുൺ കലമറ്റത്തിൽ. രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാമത് ഓൺലൈൻ സമ്മേളനത്തിൽ, കത്തോലിക്കാ സഭയുടെ മതബോധനവും വിശ്വാസ പരിശീലനവും സംബന്ധിച്ച അടിസ്ഥാനപരമായ മേഖലകളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അദ്യക്ഷതയിൽ ചേർന്ന പാസ്റ്ററൽ കൗൺസിലിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾമാരായ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ, റവ.ഫാ. ജോർജ് ചേലക്കൽ, റവ.ഫാ. ജിനോ അരീക്കാട്ട്, ചാൻസിലർ, റവ.ഫാ. മാത്യു പിണക്കാട്ട്, വൈസ് ചാൻസിലർ റവ. ഫാ. ഫാൻസ്വാ പത്തിൽ, കൂടാതെ രൂപതയിലെ മറ്റു വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അൽമായ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 130 ലധികം അംഗങ്ങൾ പങ്കെടുത്തു.
രൂപതയുടെ നടത്തിപ്പിൽ സുപ്രധാന പങ്കു വഹിക്കുന്ന 16 കമ്മീഷനുകളുടെയും, ഓരോ കമ്മീഷന്റെയും ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പ്രഖ്യാപനം കമ്മീഷനുകളുടെ ചുമതല വഹിക്കുന്ന വികാരി ജനറാൾമാർ നടത്തുകയുണ്ടായി. ഉപദേശകസമിതിയിൽ അംഗങ്ങൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും പാസ്റ്ററൽ കൗൺസിലിന്റെ പൊതു സ്വഭാവത്തെക്കുറിച്ചും ചാൻസിലർ റവ.ഫാ. മാത്യു പിണക്കാട്ട് സംസാരിച്ചു.
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു കഴിഞ്ഞ മീറ്റിംഗിന്റെ മിനിട്സ് അവതരിപ്പിക്കുകയും അംഗങ്ങൾക്കായി നടത്തുന്ന സർവേയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സ്വാഗതവും മതബോധന കമ്മീഷൻ സെക്രട്ടറി ആൻസി ജോൺസൺ നന്ദിയും അറിയിച്ചു. അഭിവന്ദ്യ പിതാവിന്റെ ഉപസംഹാര പ്രാർത്ഥനയോടുകൂടി യോഗം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല