
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സൗത്താംപ്ടണിലെ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ
ആദരാഞ്ജലികൾ. സെബിയുടെ അപ്രതീക്ഷിത വേർപാടിൽ വേദനിക്കുന്ന ജീവിതപങ്കാളി ഷീനയുടെയും മകൻ ഡയന്റെയും ദുഃഖത്തിൽ രൂപത കുടുംബം ഒന്നാകെ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തൻ്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
വാസ്തവത്തിൽ നാം ഇപ്പോൾ ജീവിക്കുന്നത് കഠിനമായ യാഥാർത്ഥ്യങ്ങളിലൂടെയാണ്, എന്നാൽ നമ്മുടെ കർത്താവും ദൈവവുമായ നസറായനായ യേശുവിൽ നമുക്കുള്ള പ്രത്യാശ മുറുകെ പിടിക്കുമ്പോൾ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ നമുക്കാവും. നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സെബിയുടെ ആത്മശാന്തിക്കായി രൂപതയിലെ വിശ്വാസികളോടൊപ്പം ചേർന്ന് പ്രാർത്ഥിക്കുന്നതായും അഭിവന്ദ്യ പിതാവ് അറിയിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയിൽ പെട്ട കുറുമശേരി മൂഞ്ഞേലി പരേതനായ ദേവസ്സിയുടെയും ആനി ദേവസിയുടെയും മകനാണ് സെബി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ് സംഭവിച്ച് മരണമടയുന്നത്. സൗത്താംപ്ടൺ സീറോ മലബാർ കമ്യൂണിറ്റിയിലെ അംഗമാണ് സെബിയുടെ കുടുംബം.
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി തന്റെ അനുശോചന സന്ദേശത്തിൽ സെബിയുടെ കുടുംബത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതായും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.
ഫാ. ടോമി എടാട്ട്
പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല