അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ സ്വന്തം രൂപത എന്ന ദീര്‍ഘകാല സ്വപ്‌നം പൂര്‍ണ്ണമാകുന്നതിന്റെ ഭാഗമായുള്ള മെത്രാഭിഷേകവും,സ്ഥാനോരോഹണവും,കത്തീഡ്രല്‍ പള്ളിയുടെ കൂദാശകര്‍മ്മവും, രൂപതയുടെ ഉദ്ഘാടനവും ഒക്ടോബര്‍ 9 നു പ്രൗഢ ഗംഭീരവും,ഭക്തി നിര്‍ഭരവുമായി പ്രസ്റ്റണില്‍ ആഘോഷിക്കുന്നു. പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പരിശുദ്ധ കത്തോലിക്കാ സഭയുടെ വിവിധ റീത്തുകളുടെ മഹനീയ ഉന്നത അധികാരികളുടെ കാര്‍മ്മികത്വത്തിലും, സാന്നിദ്ധ്യത്തിലും അഭിഷേകം സ്വീകരിച്ചു ആയിരക്കണക്കിന് വന്നെത്തുന്ന വിശ്വാസി മക്കളെ സാക്ഷി നിറുത്തി മേല്പട്ട ശുശ്രുഷ ഏറ്റെടുക്കും.
സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് റോമന്‍ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ കാര്‍ഡിനാള്‍ മാര്‍ വിന്‍സന്റ് നിക്കോളസ്സ്,സീറോ മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ ബസേലിയോസ് ക്ലിമീസ്, ആതിഥേയ ലങ്കാസ്റ്റര്‍ രൂപതയുടെ ബിഷപ്പ് മാര്‍ മൈക്കിള്‍ കാംപ്‌ബെല്‍, മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റിന്‍ വടക്കേല്‍,പാലാ രൂപതയുടെ അദ്ധ്യക്ഷനും നവ മെത്രാന്റെ ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്,എമിരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍,പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പുതുതായി നിയോഗിക്കപ്പെട്ട മോണ്‍.സ്റ്റീഫന്‍ ചിറപ്പണം,മാര്‍ ജേക്കബ് അങ്ങാടിയത്ത്,മാര്‍ ജോയി ആലപ്പാട്ട്( ഇരുവരും യുഎസ്),മാര്‍ ബോസ്‌കോ പുത്തൂര്‍ (ആസ്‌ത്രേലിയ),ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ,മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരും, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍,ഇരിഞ്ഞാലക്കുട രൂപതയുടെ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങി 20 ഓളം പിതാക്കന്മാര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിസ്റ്റണിലെ വി.അള്‌സഫോന്‍സാ ദേവാലയത്തെ കത്തീഡ്രല്‍ ആയി ഉയര്‍ത്തുന്ന കൂദാശകര്‍മ്മം,സ്ഥാനാരോഹണം,സീറോ മലബാര്‍ സഭയുടെ യൂ കെ യിലെ രൂപതയുടെ ഉദ്ഘാടനം തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വി.അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ച് തന്നെ നടത്തപ്പെടുവാനാണ് ഉദ്ദേശിക്കുന്നത്.
പിന്നീട് നടത്തപ്പെടുന്ന സാംസ്‌കാരിക പരിപാടിയില്‍ യു കെ സീറോ
മലബാര്‍ സഭക്കും പുതിയ പിതാവിനും പ്രാര്‍ത്ഥനകള്‍ നേരുവാനും വിജയങ്ങള്‍ ആശംശിക്കുവാനും കൂടാതെ യു കെ യിലെ സീറോ മലബാര്‍ സഭയുടെ മഹാ ഉദ്യമത്തിന്റെ ചരിത്ര വിജയത്തില്‍ കാര്‍മ്മികത്വം വഹിക്കുവാനും,അനുഗ്രഹീത സാന്നിദ്ധ്യം നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്കും,ഈ ചടങ്ങു വര്‍ണ്ണാഭവും വിജയവുമാക്കിയ ഏവര്‍ക്കും നന്ദി പ്രകാശിപ്പിക്കുവാനും ഉള്ള മുഖ്യ വേദിയാകും.
പരിപാടികളുടെ ശരിയായ ക്രമീകരണം പൂര്‍ണ്ണവും വ്യക്തവുമായി രൂപപ്പെടുന്നതിനു അനുസൃതമായി വിശദമായ റിപ്പോര്‍ട്ടുകള്‍ എല്ലാ മാസ്സ് സെനറ്ററുകളിലും,വാര്‍ത്താ മാദ്ധ്യമങ്ങളിലും നല്‍കുന്നതാണ്.
യു കെ സീറോ മലബാര്‍ സഭയുടെ ചരിത ധന്യ നിമിഷത്തെ പ്രൗഢ ഗംഭീരമാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ക്ക് അവരുടെ മാസ് സെന്ററുകളുടെ നേതൃത്വത്തില്‍ ഓരോ വിശ്വാസികളും ആവേശപൂര്‍വ്വം കൈകോര്‍ത്തു കഴിഞ്ഞു.ഇനിയുള്ള നാളുകള്‍ അണിയറ ഒരുക്കുന്നതിനുള്ള പ്രയഗ്‌നങ്ങലും പ്രാര്‍ത്ഥനകളും ആയി ഓരോ കുടുംബവും,വ്യക്തികളും ഒക്ടോബര്‍ ഒമ്പതിന്റെ പരമ വിജയത്തിനായി ചുവടുകള്‍ വെക്കുകയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല