പ്രത്യേക ലേഖകന്‍
കൊച്ചി:കരിസ്മാറ്റിക് ധ്യാനങ്ങളിലെ സാക്ഷ്യങ്ങള്‍ പലതും കള്ളസാക്ഷ്യങ്ങളാണോ?. അത്ഭുതരോഗശാന്തി ശുശ്രൂഷകളില്‍ രോഗശാന്തി ലഭിക്കുന്നുണ്ടോ? സീറോ മലബാര്‍ സഭാപിതാക്കന്മാരും ഈ നിലയില്‍ ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്. കരിസ്മാറ്റിക് നവീകരണംവഴി വിശ്വാസ ജീവിതത്തിന് ഉണര്‍വുണ്ടായെങ്കിലും അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയണമെന്നാണ് സഭാ സിനഡ് നിര്‍ദേശിക്കുന്നത്.
ഇതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിറോ മലബാര്‍ രൂപതകളിലെ ധ്യാനകേന്ദ്രങ്ങളുടെ മേലധികാരികളുടെയും ഡയറക്ടര്‍മാരുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചു.ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനാണു ചുമതല. ഇതോടൊപ്പം പ്രവാസികളായ സഭാഗംങ്ങള്‍ക്ക് അജപാലന ശുശ്രൂഷ നല്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനെപ്പറ്റി ആലോചനകളും നടന്നു. ഇതിനകം പല വിദേശ രാജ്യങ്ങളിലും സീറോ മലബാര്‍ വൈദികരുടെ ശുശ്രൂഷ കുറച്ചെങ്കിലും ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ സിനഡ് സംതൃപ്തി പ്രകടിപ്പിച്ചു. വിദേശങ്ങളിലുള്ള വിശ്വാസികളെ സംഘടിപ്പിക്കാന്‍ അല്മായ കമ്മീഷന്‍ നിര്‍വഹിക്കുന്ന സേവനം കൂടുതല്‍ വ്യാപിപ്പിക്കണം. എല്ലാ രൂപതകളിലും അല്മായ കമ്മീഷന്റെ ഓഫീസ് തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.
ഇരിട്ടി, പുല്ലൂരാംപാറ, കടവൂര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് സഭ പത്തു ലക്ഷം രൂപ അടിയന്തരമായി നല്‍കും. അതിവേഗ റയില്‍ പദ്ധതിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ നടപടികളെടുക്കണം. പദ്ധതിക്കുവേണ്ടി പുരയിടവും കൃഷിഭൂമിയും വിട്ടുകൊടുക്കുന്നവരെ പുനരധിവസിപ്പിക്കണം. ന്യായമായ പ്രതിഫലവും നല്‍കണം. ജീവനും പരിസ്ഥിതിക്കും എതിരായ ജീവിതശൈലികള്‍ ശക്തിപ്പെടുന്നതിനാല്‍ ജീവന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഏറെ ശ്രദ്ധിക്കണമെന്നു സിനഡ് ആഹ്വാനം ചെയ്തു. ഴിമതി, അക്രമം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ ജീവിത ഭദ്രത നഷ്ടപ്പെടുത്തുകയും വികസനത്തിനു വിഘാതമാവുകയും ചെയ്യുന്നതിനെ പ്രതിരോധിക്കാന്‍ മത-സമുദായ സംഘടനകളും സര്‍ക്കാരും കൈകോര്‍ക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 20 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവന്ന സിനഡ് ശനിയാഴ്ചയാണ് സമാപിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡില്‍ 42 മെത്രാന്മാര്‍ പങ്കെടുത്തു. സഭയെയും സമൂഹത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതും മൂല്യാധിഷ്ഠിതവും നീതി പുലര്‍ത്തുന്നവയും ആയിരിക്കണമെന്നു സിനഡ് നിര്‍ദേശിച്ചു. ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ശ്രദ്ധ ഉണ്ടാകണം. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എകെസിസി) ശാഖകള്‍ കഴിയുന്നിടത്തോളം ഇടവകകളില്‍ സ്ഥാപിക്കാനും യുവജനങ്ങള്‍ക്കു സഭാത്മകമായ പരിശീലനം നല്കാനും സിനഡ് തീരുമാനിച്ചു. എകെസിസിയുടെ പരിഷ്‌കരിച്ച നിയമാവലിക്ക് താത്കാലിക അംഗീകാരം നല്കി.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശാനുസരണം ഒക്‌ടോബര്‍ 11ന് ആരംഭിക്കുന്ന വിശ്വാസവര്‍ഷാചരണത്തിന്റെ വിശദമായ പരിപാടികള്‍ ചര്‍ച്ച ചെയ്തു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ പരിഷ്‌കരിച്ച നിയമാവലിക്കു താല്‍കാലിക അംഗീകാരം നല്‍കി. അഴിമതി, അക്രമം, മറ്റു കുറ്റങ്ങള്‍ തുടങ്ങിയവയ്ക്കു പരിഹാരം കണ്ടെത്താന്‍ മത-സമുദായ സംഘടനകളും സര്‍ക്കാരും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. ഫാ. ജേക്കബ് ഏറനാട്ടിനു വൈദികരത്‌നം ബഹുമതി നല്‍കാന്‍ സിനഡ് തീരുമാനിച്ചു. മോണ്‍. മാത്യു വെള്ളാനിക്കലിനു മല്‍പ്പാന്‍ സ്ഥാനം നല്‍കും. പി.ടി. കുര്യാക്കോസ്, പ്രഫ. കെ.ടി. സെബാസ്റ്റിയന്‍, ഡോ. സിറിയക് തോമസ്, പ്രഫ. എ.ടി. ദേവസ്യ, ജോണ്‍ കച്ചിറമറ്റം എന്നിവര്‍ക്കു സിറോ മലബാര്‍ സഭാ താരം സ്ഥാനവും നല്‍കാനും തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല