കേരള രാഷ്ട്രീയത്തില്‍ പുതിയൊരു പാര്‍ട്ടി കൂടി ഉദിച്ചുയര്‍ന്നേക്കും.കത്തോലിക്കര്‍ക്ക് മാത്രമായുള്ള കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് സീറോ മലബാര്‍ ബിഷപ്പ് സിനഡിന്റെ ആഹ്വാനം. അതായത് ഇപ്പോഴുള്ള കത്തോലിക്കാ കോണ്‍ഗ്രസ് ഇനി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ചുരുക്കം.
കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്‍. ഇവരിപ്പോള്‍ പി ടി എ റഹിം നേതൃത്വം നല്‍്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ലാറ്റിന്‍ കാതലിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയിട്ടില്ലെങ്കിലും വിവിധ കാലങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ സംഘടനയാണ്.
മറ്റൊരു വിഭാഗം കത്തോലിക്കരായ മലങ്കര കത്തോലിക്കര്‍ക്ക് കാശും പത്രാസും കോളെജും ആശുപത്രിയും കാതോലിക്കാ ബാവയുമൊക്കെയുണ്ടെങ്കിലും മൊത്തത്തില്‍ ഒരു പഞ്ചായത്തില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രമേയുള്ളൂ. അതിനാല്‍ പാര്‍ട്ടി, സംഘടന, അസോസിയേഷന്‍ തുടങ്ങിയ വീരകൃത്യങ്ങള്‍ക്കൊന്നും അവര്‍ക്ക് പാങ്ങില്ല.
സീറോ മലബാര്‍ സഭയുടെ സമുദായ സംഘടന എന്ന നിലയില്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ഇതുവരെ സഭയിക്കുള്ളിലായിരുന്നു സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. കത്തോലിക്കാ കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനം സഭാധികാരികള്‍ക്ക് നന്നായി ബോധിച്ചതിനാല്‍ അവരുടെ സേവനം പൊതുസമൂഹത്തിലേക്ക് കൂടി വിട്ടുനല്‍കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന് പരിഷ്‌കരിച്ച നിയമാവലിയും സഭാ സിനഡ് അംഗീകരിച്ചുകഴിഞ്ഞു.
കേരളത്തില്‍ എമ്പാടും മുപ്പത് ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങളുണ്ടെന്നാണ് സഭാ നേതൃത്വം തന്നെ പറയുന്നത്. ഇടത്-വലത് മുന്നണികളും മുന്നണികളിലെ പാര്‍ട്ടികളും സീറോ മലബാര്‍ സഭയ്ക്ക് കരുത്തുള്ള ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവിടങ്ങളില്‍ സഭയുടെ ആളുകളെയോ സഭ പറയുന്ന ആളുകളെയോ ആണ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക പതിവ്. സഭയ്ക്ക് കൂറുള്ളവര്‍ അവിടെ ജയിക്കുകയും ചെയ്യും.സഭയുടെ ശക്തികേന്ദ്രമായ പാലയില്‍ എക്കാലത്തും സഭയുടെ പൊന്നോമന പുത്രനായ കെ എം മാണി തന്നെയാണ് ജയിക്കുക.
എന്‍ എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഭൂരിപക്ഷ സമുദായത്തിന് വേണ്ടി പാര്‍ട്ടിയുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. മുസ്ലീം സമുദായത്തില്‍ മുസ്ലീം ലീഗാണ് മാതൃകാ പാര്‍ട്ടി. പി ഡി പി പൊളിഞ്ഞെങ്കിലും ജമാ അത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രഖ്യാപിച്ച് ക്ലച്ചുപിടിക്കാതിരിക്കുന്നു. എന്‍ ഡി എഫുകാര്‍ എസ് ഡി പി ഐയുണ്ടാക്കി ‘കൈവെട്ടും കാല്‍വെട്ടും’ തുടരുന്നുമുണ്ട്. എല്ലാ സമുദായങ്ങളും സ്വന്തം പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ സീറോ മലബാറുകാര്‍ മാത്രമെന്തിന് വെറുതെയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല