സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക് വിമാനത്തിന് ഗുരുതര തകരാര്‍; 370 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777300 വിമാനമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ 11 നായിരുനു സംഭവം. എഐ 101 എന്ന വിമാനം പ്രതികൂല കാലാവസ്ഥയില്‍ പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇറങ്ങാന്‍ സാധിക്കാതെ വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.
എന്നാല്‍ അധികനേരം ഈ അവസ്ഥയില്‍ തുടരാന്‍ സാധിക്കുമായിരുന്നില്ല. കാരണം വിമാനത്തില്‍ ഇന്ധനം അനുനിമിഷം കുറയുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ റസ്റ്റം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. വിമാനത്തില്‍ ആകെ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് വിമാനം എത്ര ഉയരത്തിലാണെന്ന് കണക്കാക്കാന്‍ സഹായിക്കുന്ന ആള്‍ട്ടിമീറ്റര്‍ മാത്രമായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.
ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ തകരാറിലായതോടെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദ്ദേശം വന്നു. മേഘാവൃതമായ ആകാശത്തുനിന്ന് റണ്‍വേ വ്യക്തമായി കാണുന്നതിനായി പൈലറ്റ് 400 അടിയിലേക്ക് വിമാനത്തെ താഴ്ത്തി. യന്ത്രസഹായങ്ങളൊന്നുമില്ലാതെ മനുഷ്യ സാധ്യമായ മാര്‍ഗങ്ങളും കണക്കുകൂട്ടലുകളുമുപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല