മുരളി മുകുന്ദന്‍ (ലണ്ടന്‍): പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടന്‍ ഇന്ത്യന്‍ എംബസിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണരുചികളുടെ സ്ഥാപനങ്ങള്‍ ലണ്ടന്‍കാര്‍ക്ക് പരിചയപ്പെടുത്തിയും ടി.ഹരിദാസ് ഏവര്‍ക്കും പ്രീയപ്പെട്ടവനായിത്തീര്‍ന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെയായിരുന്നു അദ്ദേഹം. എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടന്‍ മലയാളികള്‍ക്ക് വേണ്ടി എതു പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടെത്തുവാന്‍ മലയാളി സമൂഹത്തിനു മുന്നില്‍ മുന്‍പന്തിയില്‍ അണിനിരന്നിരുന്ന ഒരാളായിരുന്നു.
ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ രക്ഷാധികാരിയായും കേരളത്തില്‍ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തില്‍ യുകെയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ബിസിനസ്സ്, സാമുദായിക മണ്ഡലങ്ങളിലേയ്ക്ക് തൃശ്ശൂര്‍ ജില്ല നല്‍കിയ കനത്ത സംഭാവനയാണ് ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ടി.ഹരിദാസ് എന്ന അതുല്യ പ്രതിഭ.
യുകെയിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ വളര്‍ച്ചയില്‍ രക്ഷാധികാരിയായ ടി.ഹരിദാസ് നല്‍കിയ സേവനങ്ങളെയും അദ്ദേഹം ചുക്കാന്‍ പിടിച്ച് തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി നന്ദിയോടെ സ്മരിക്കുന്നു.
ടി.ഹരിദാസിന്റെ മരണത്തില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ ദേശീയ നേതാക്കളായ അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട, മുരളി മുകുന്ദന്‍, ജീസന്‍ പോള്‍ കടവി, ജി.കെ. മേനോന്‍, ലോറന്‍സ് പല്ലിശ്ശേരി, സണ്ണി ജേക്കബ്, ജോജി പോള്‍ (ജെപി), ജോസഫ് ഇട്ടൂപ്പ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുദര്‍ശനത്തിനുവെച്ച ടി.ഹരിദാസിന്റെ മൃതദേഹത്തില്‍ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ ഭാരവാഹികള്‍ നേരിട്ടെത്തി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല