സ്വന്തം ലേഖകൻ: അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്നു പ്രൊഫസര്‍ ടി ജെ ജോസഫ്.
സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചത്.
രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നം കോടതി നിര്‍ദേശിച്ചു.
സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിലായാരുന്നു പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം. ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് ഒളിവില്‍ കഴിഞ്ഞത്. മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് എട്ട് വര്‍ഷം മുമ്പ് കാസര്‍കോടുനിന്ന് നിന്ന് വിവാഹവും കഴിച്ചിരുന്നു.
ബേരത്തെ വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ബേരത്ത് വരുന്നതിന് തൊട്ടുമുമ്പ് വിളക്കോടായിരുന്നു താമസമെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
നാട്ടുകാരോട് നല്ല രീതിയിലായിരുന്ന ഇടപെടലെന്നും ചോദിച്ചതിന് മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനാണ് സവാദിന് ജോലി ശരിയാക്കി നല്‍കിയതെന്നും ഇവരാണ് സവാദിനൊപ്പം ജോലിചെയ്തിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കൃത്യം നടന്നതിന് പിന്നാലെ ഇയാള്‍ ആലുവയില്‍നിന്ന് ബെംഗളൂരുവിലേക്ക് കടന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍, 13 വര്‍ഷവും സവാദിനെ കണ്ടെത്തായിരുന്നില്ല. ഇയാളെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് മട്ടന്നൂരില്‍നിന്ന് പിടിയിലായത്.
മട്ടുന്നൂര്‍ പോലൊരു മേഖലയില്‍ ഇത്രയധികം കാലം ഒളിവില്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടുനിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നത് വലിയ വീഴ്ചയാണ്. ആരും അറിയാതെ ഇത്രയധികം വര്‍ഷങ്ങള്‍ ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം സവാദിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല