സ്വന്തം ലേഖകന്‍: ടി സീരീസ് ഉടമ ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തിയ പ്രതിക്ക് ബംഗ്ലാദേശില്‍ മോചനം. ബോളിവുഡ് മ്യൂസിക് കമ്പനിയായ ടി സീരീസിന്റെ ഉടമ ഗുല്‍ഷന്‍ കുമാറിനെ 1997 ല്‍ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ ദാവൂദ് മര്‍ച്ചന്റിനെയാണ് ബംഗ്ലാദേശ് വിട്ടയച്ചത്.
ബംഗ്ലാദേശിലേക്കു നുഴഞ്ഞു കയറിയതിന് പിടിയിലായ മര്‍ച്ചന്റിനെ 2014 ഡിസംബറില്‍ അഞ്ചു വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞതിനാല്‍ വിട്ടയയ്ക്കുകയും സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ പറഞ്ഞു.
മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞതിനാലാണ് ദാവൂദ് മര്‍ച്ചന്റിനെ ഇന്നലെ വിട്ടയച്ചത്. എന്നാല്‍, മര്‍ച്ചന്റിനെ ഇന്ത്യക്കു വിട്ടുതരുമോ എന്ന കാര്യത്തില്‍ ബംഗ്ലാദേശ് മൗനത്തിലാണ്. ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തയതിന് ദാവൂദ് മര്‍ച്ചന്റിനു ഇന്ത്യന്‍ കോടതി 2002 ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മര്‍ച്ചന്റ് 2009 ഏപ്രിലില്‍ പരോളില്‍ ഇറങ്ങി ബംഗ്ലാദേശിലേക്ക് മുങ്ങി.
ബംഗ്ലാദേശിലെ കമാല്‍ മിയാന്‍ എന്ന കൂട്ടാളിയുടെ വീട്ടില്‍ അനധികൃതമായി താമസിക്കുമ്പോഴാണ് പിടിക്കപ്പെടുകയും അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തത്. മര്‍ച്ചന്റിനെ ഉടന്‍ വിട്ടയയ്ക്കുമെന്ന് ജനുവരിയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. 1997 ഓഗസ്റ്റ് 12 ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഗുല്‍ഷന്‍ കുമാര്‍ വെടിയേറ്റാണു മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല