സ്വന്തം ലേഖകൻ: ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയ ഇന്ത്യൻ പെൺപ്പടയുടെ കൂട്ടത്തിൽ ഏവരുടെയും കണ്ണ് നിറയിച്ചത് ഷഫാലി വർമ്മയായിരുന്നു. തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ വിജയിപ്പിച്ച് ഇന്ത്യയെ ഫൈനൽ വരെയെത്തിച്ച ഷഫാലിക്ക് എന്നാൽ കലാശപോരാട്ടത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ട് റൺസ് മാത്രമെടുത്ത് കൂടാരം കയറിയ ഷഫാലി ഇന്ത്യൻ തകർച്ചയുടെ തുടക്കം മാത്രമായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ വിജയങ്ങളുറപ്പിച്ച ഷഫാലിക്ക് ഫൈനൽ മത്സരത്തിൽ നിസഹായയായി പുറത്തേക്ക് പോകേണ്ടി വന്നു. ആ നിരാശയും സങ്കടവും പതിനാറുകാരിക്ക് പിടിച്ചുവയ്ക്കാവുന്നതിലും അധികമായിരുന്നു. പൂനം യാദവിനെയും പുറത്താക്കി മേഗൾ ഷട്ട് ഇന്ത്യൻ ഇന്നിങ്സിന് ഷട്ടറിടുമ്പോൾ അതുവരെ കടിച്ചുപിടിച്ച കണ്ണീരെല്ലാം ഷഫാലിയിൽ നിന്നും ധാരധാരയായി ഒഴുകി. ടീമിലെ ചേച്ചിമാർ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നായിക ഹർമനും ഹർലിൻ ഡിയോളുമെല്ലാം ഇനിയും നമുക്ക് സാധിക്കുമെന്ന് അവളെ പറഞ്ഞ് മനസിലാക്കി.
പതിനാറു വയസ് മാത്രം പ്രായമുള്ള ഈ ഹരിയാനക്കാരിയുടെ ബാറ്റിങ് മികവിലാണ് ഒരു ടീം ലോകകപ്പിന്റെ ഫൈനൽ വരെയെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും ഷഫാലി വർമ്മയുടെ ബാറ്റിങ്ങിൽ തന്നെയാണ് ഇന്ത്യ വിജയലക്ഷ്യം തൊട്ടത്. ഓസ്ട്രേലിയക്കെതിരെ 29, ബംഗ്ലാദേശിനെതിരെ 39, ന്യൂസിലൻഡിനെതിരെ 46, ശ്രീലങ്കയ്ക്കെതിരെ 47 എന്നിങ്ങനെ തിളങ്ങിയ താരം വലിയ സ്കോറുകളിലേക്കെത്താൻ കുറച്ച് പന്തുകൾ മാത്രമാണ് നേരിട്ടത്. എന്നാൽ കലാശപോരാട്ടത്തിൽ കാലിടറി.
മത്സരത്തിലെ കണ്ണീർ കാഴ്ചയായെങ്കിലും ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേരെഴുതി ചേർത്താണ് ഷഫാലി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങുന്നത്. ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷഫാലി വർമ്മ. ടി20-ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ ഇത്രയും പ്രായം കുറഞ്ഞ താരം പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും ഫൈനൽ കളിച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. 16 വയസും 40 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി ബാറ്റേന്തിയത്.
ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 163 റൺസാണ് ഷഫാലി അടിച്ചെടുത്തത്. റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് ഷഫാലി. ടൂർണമെന്റിലാകെ 18 ഫോറും ഒമ്പത് സിക്സും പായിച്ച ഷഫാലി ഏറ്റവും അക്രമണകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല