സ്വന്തം ലേഖകൻ: തായ്‌വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. 730-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തായ്‌വാനില്‍ 25-വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂന്ന് മീറ്റർ ഉയരത്തിൽവരെ സുനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തീരപ്രദേശത്തെ ആളുകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
1999-ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ഭൂചലനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 1999-ൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2400-ലേറെ പേരുടെ ജീവൻ അന്ന് നഷ്ടപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല