സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍, ചരിത്രം തിരുത്തി കോടതി വിധി. സ്വവര്‍ഗ വിവാഹം നിയമപരമാക്കി പ്രഖ്യാപിച്ച തായ്‌വാന്‍ പരമോന്നത കോടതി സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നടക്കേണ്ടതാണ് വിവാഹം എന്ന നിലവിലുള്ള സിവില്‍ വിവാഹ ചട്ടം തുല്യതയ്ക്ക് എതിരാണെന്ന് നിരീക്ഷിച്ചു. പുതിയ നിയമഭേദഗതിക്ക് രണ്ട് വര്‍ഷത്തെ സമയമാണ് കോടതി ജഡ്ജിമാരുടെ പാനലിന് അനുവദിച്ചിരിക്കുന്നത്.
സ്വവര്‍ഗ വിവാഹം നിയമപരമായി കണക്കാക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ രാജ്യമാണ് തായ്‌വാന്‍. തായ്‌വാന്റെ സ്വവര്‍ഗ വിവാഹ ചരിത്രത്തില്‍ ഒരു പ്രധാന മുന്നേറ്റമാണ് ഇത് എന്ന് യൂ മേ നൂ എന്ന നിയമ നിര്‍മാതാവ് പ്രതികരിച്ചു. പാര്‍ലമെന്റ് അത്തരമൊരു ഭേദഗതി കൊണ്ടുവരുമോ എന്ന ആശങ്ക നിലനില്‍ക്കെ ഭേദഗതി വരുത്തിയില്ലെങ്കിലും ലെസ്ബിയന്‍, ഗേ വ്യക്തികള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
തായ്‌വാന്റെ പ്രഥമ വനിതാ പ്രസിഡന്റ് സായ് ഇങ് വെന്‍ 2016 ല്‍ അധികാരമേല്‍ക്കും മുമ്പ് ‘പ്രണയത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്’ എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിലവിലെ സിവില്‍ വിവാഹ ചട്ട പ്രകാരം തായ്‌വാനില്‍ സ്വവര്‍ഗ്ഗവിവാഹം സാധ്യമല്ല. സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചി ചിയാ വെയി അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. സ്വവര്‍ഗവിവാഹത്തെ പിന്തുണയ്ക്കുന്നവര്‍ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തി.
മതം അടക്കമുള്ള സാമൂഹ്യ സ്ഥാപനങ്ങളില്‍ നിന്നും എല്‍ജിബിടിക്യു സമൂഹം നേരിടുന്ന അവഗണനയ്ക്ക് മറുപടിയാണ് കോടതി വിധി. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമാകും എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. തായ്‌വാനിലെ സ്വവര്‍ഗ പ്രണയികളുടെ സമൂഹം വളരെ ശക്തമാണ്. തായ്‌വാന്റെ പ്രൈഡ് പരേഡ് ആണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രൈഡ് പരേഡായി കണക്കാക്കപ്പെടുന്നത്. അതേസമയം വിധിക്കെതിരെ ശക്തമായ പ്രതിഷേധവും ഇരമ്പുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല