സ്വന്തം ലേഖകന്‍: തായ്‌വാനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നത് തീക്കളി, ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. തായ്‌പെയ് വിഷയത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകള്‍ സിനോ, ഇന്ത്യന്‍ ബന്ധത്തിലും പ്രതിഫലിക്കുമെന്ന് ബീജിങ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ‘തായ്‌വാന്‍ കാര്‍ഡ് കൊണ്ടുള്ള ഇന്ത്യയുടെ കളി, തീ കൊണ്ട് കളിക്കുന്നതിന് തുല്യമാണെന്ന്’ ഔദ്യോഗിക മാധ്യമത്തിലൂടെയാണ് ചൈന മുന്നറിയിപ്പ് നല്‍കിയത്.
‘ഒറ്റ ചൈന’ സിദ്ധാന്തത്തില്‍ ഇന്ത്യ തുടരണമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ തായ് വാനുമായുള്ള ഔദ്യോഗിക ബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളുമായി നയതന്ത്ര ബന്ധം തുടരാന്‍ ബീജിങ്ങിന് ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ചൈനയുടെ ആശങ്കകളെ ഇന്ത്യ ഉത്തരവാദിത്വത്തോടെ സമീപിക്കണം. ഭാവിയില്‍ തായ്‌വാന്‍ വിഷയത്തിലുള്ള ഇന്ത്യയുടെ സമീപനത്തെ പശ്ചാത്തലമാക്കിയാകും ഇന്തോചൈന ബന്ധം ദൃഢപ്പെടുകയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ്ങ് ഷുവാങ്ങ് ഔദ്യോഗിക മാധ്യമത്തിലൂടെ അറിയിച്ചു.
ഈ ആഴ്ചയാണ് തായ്‌വാന്‍ എംപി ഇന്ത്യയിലെത്തുന്നത്. 2016 ഡിസംബറിലെ പാര്‍ലമെന്ററി സൗഹൃദ ഫോറത്തിന്റെ തുടര്‍ച്ചയായാണ് സന്ദര്‍ശനം. തായ്‌വാനില്‍ ഇതേവരെ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പോലും സന്ദര്‍ശനം നടത്താത്ത സാഹചര്യത്തില്‍ ഒരു തായ്‌വാന്‍ എംപി ഇന്ത്യയിലെത്തുന്നത് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.
തായ് വാനെ തങ്ങളുടെ രാജ്യത്തിന്റെ ഒരു ഭാഗമായാണ് ചൈന കണക്കാക്കുന്നത്. അതിനാല്‍ രാജ്യാന്തര തലത്തില്‍ തായ് വാനുമായുള്ള നയതന്ത്ര ബന്ധത്തെയും രാഷ്ട്രീയ ബന്ധത്തെയും ചൈന എക്കാലവും എതിര്‍ത്ത് വരികയാണെന്നും ഗെങ്ങ് പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നു. ഏക ചൈന പോളിസിയാണ് സ്വീകരിച്ചു വരുന്നത് എന്നതിനാല്‍ തായ്‌വാനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധങ്ങളൊന്നുമില്ല. തായ് പേയില്‍ ഇന്ത്യക്ക് എംബസിക്ക് പകരം ഇന്ത്യാതായ്‌പേയി അസോസിയേഷന്‍ മാത്രമാണുള്ളത്.
തായ്‌വാന്റെ കാര്യത്തില്‍ ചൈനയെ എതിര്‍ക്കുന്നതില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും പിന്നോട്ടുപോയ സാഹചര്യത്തിലാണ് ഇന്ത്യ പ്രകോപനവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ രോഷം കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല