സ്വന്തം ലേഖകന്‍: തായ്‌വാന്റെ പരീക്ഷണ മിസൈല്‍ അബദ്ധത്തില്‍ പറന്നത് ചൈനയുടെ നേര്‍ക്ക്, വിവാദം പുകയുന്നു. തായ്‌വാന്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിന്ന് ചൈനയെ ലക്ഷ്യമാക്കി അബദ്ധത്തില്‍ കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ അയച്ചതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പുതിയ ഉരസലിന് കാരണമായത്.
തായ്‌വാന്‍ പ്രസിഡന്റും കമാന്‍ഡര്‍ ഇന്‍ ചീഫുമായ സായ് ഇംഗ്‌വെന്‍ വിദേശ പര്യടനത്തിനു പോയ അവസരത്തിലാണ് സംഭവം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 95 ആം വാര്‍ഷികാഘോഷം ചൈനയില്‍ നടക്കുന്ന വേളയിലുണ്ടായ മിസൈല്‍ പ്രയോഗം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്ന് തായ്‌വാന്‍ നാവിക സേനയിലെ വൈസ് അഡ്മിറല്‍ മെയ് ചിയുഷു പറഞ്ഞു. അബദ്ധത്തില്‍ മിസൈ ല്‍ അയച്ച വിവരം ചൈനീസ് പ്രതിരോധവകുപ്പിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
300 കിലോമീറ്റര്‍ ദൂരപരിധിയുള്ള സിയുംഗ്‌ഫെംഗ് മിസൈല്‍ തായ്‌വാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഫിഷിംഗ് ബോട്ടില്‍ പതിച്ച് അതിന്റെ തായ്‌വാന്‍കാരനായ ക്യാപ്റ്റന്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തായ്‌വാനും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സമയത്താണ് പുതിയ സംഭവ വികാസം.
തായ്‌വാനെ ചൈനയില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്ര റിപ്പബ്‌ളിക്കാക്കണമെന്നു വാദിക്കുന്ന സായ് ഇംഗ്‌വെന്‍ തായ്‌വാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇരു രാജ്യങ്ങളും അത്ര സുഖത്തിലല്ല. തായ്‌വാന്‍ ചൈനാ വന്‍കരയുടെ ഭാഗമാണെന്നും ഒരിക്കലും സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും ചൈനീസ് അധികൃതര്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല