സ്വന്തം ലേഖകന്‍: വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന. സെമി ബുള്ളറ്റ് ട്രെയിനായ ടാല്‍ഗോവിന്റെ നാലാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയായി. അവസാന പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് ടാല്‍ഗോ പിന്നിട്ടത്.
ഇതോടെ സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിന്‍ അടുത്ത വര്‍ഷത്തോടെ രാജ്യത്ത് സര്‍വ്വീസ് നടത്താന്‍ സാധ്യത തെളിഞ്ഞു. എങ്കിലും ട്രെയിനിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അന്തിമ റിപ്പോര്‍ട്ടില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ തീരുമാനം കൈകൊള്ളുന്നതോടെ ടാല്‍ഗോ യാഥാര്‍ഥ്യമാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
150 കിലോമീറ്റര്‍ വേഗത കൈവരിച്ച നാലാം പരീക്ഷ ഓട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് ഡല്‍ഹിയില്‍ നിന്നാരംഭിച്ച യാത്ര ഞായറാഴ്ച പുലര്‍ച്ചെ 2.33നാണ് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗമുള്ള ഗതിമാന്‍ എക്‌സ്പ്രസ് ആയിരുന്നു ഇന്ത്യയുടെ അതിവേഗ തീവണ്ടി. ശതാബ്ദി എക്‌സ്പ്രസ്സിന് 150 കിലോമീറ്ററും രാജധാനി എക്‌സ്പ്രസ്സിന് 130 കിലോമീറ്ററുമാണ് പരമാവധി വേഗം.
200 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ടാല്‍ഗോയുടെ വരവോടെ ഇവയെല്ലാം പിന്‍നിരയിലേക്ക് തള്ളപ്പെടും. ആധുനിക സാങ്കേതികവിദ്യക്കൊപ്പം അലൂമിനിയം ഉപയോഗിച്ചുള്ള നിര്‍മാണമാണ് ടാല്‍ഗോയുടെ മേന്മ. വേഗം കുറയ്ക്കാതെ വളവുകള്‍ താണ്ടാനാവും എന്നതാണ് ഒമ്പതു കോച്ചുകളുള്ള വണ്ടിയുടെ മുഖ്യ സവിശേഷത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല