സ്വന്തം ലേഖകന്‍: ഈദുള്‍ ഫിത്തര്‍ വെടിനിര്‍ത്തല്‍ കാറ്റില്‍പ്പറത്തി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 45 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബഗ്ദിഷ് പ്രവിശ്യയില്‍ താലിബാന്‍ ആക്രമണത്തിലാണ് 45 അഫ്ഗാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. പട്ടാളം നടത്തിയ തിരിച്ചടിയില്‍ 16 തീവ്രവാദികളും കൊല്ലപ്പെട്ടു. ബദ്ഗിഷിലെ പടിഞ്ഞാറന്‍ പ്രവിശയിലായിരുന്നു ആക്രമണം.
ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ച ശേഷം നടന്ന വലിയ ആക്രമണമാണിത്. ഞായറാഴ്ച വരെയായിരുന്നു വെടിനിര്‍ത്തല്‍. സര്‍ക്കാര്‍ പക്ഷേ വെടിനിര്‍ത്തല്‍ 10 ദിവസത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച ആക്രമണം നടന്നത്. പുലര്‍ച്ചെ രണ്ട് സെക്യൂരിറ്റി പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബഗ്ദിഷ് പ്രവിശ്യ ഗവര്‍ണര്‍ അറിയിച്ചു.
പലദിശകളില്‍ നിന്നുമായി തീവ്രവാദികള്‍ സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈനിക ആസ്ഥാനമായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രവിശ്യ കൗണ്‍സില്‍ തലവന്‍ അബ്ദുള്‍ അസീസ് ബെക്ക് പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ ഏകപക്ഷീയമായി നീട്ടിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല