1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2015

സ്വന്തം ലേഖകന്‍: താലിബാനില്‍ ആഭ്യന്തര കലഹം, ദോഹയിലെ താലിബാന്‍ മേധാവി സ്ഥാനം രാജിവച്ചതായി സൂചന. ദോഹയിലെ താലിബാന്‍ രാഷ്ട്രീയ ഓഫിസ് മേധാവി മുല്ല മുഹമ്മദ് സയിദ് തയേബ് ആഖാണ് സ്ഥാനം രാജിവച്ചത്. താലിബാന്‍ പരമോന്നത നേതാവ് മുല്ല ഉമറിന്റെ മരണവാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് താലിബാന്‍ നേതൃനിരയില്‍ ഉടലെടുത്ത തര്‍ക്കങ്ങളാണ് രാജിക്കു കാരണമെന്നാണു സൂചന

പുതിയ താലിബാന്‍ മേധാവിയായി കഴിഞ്ഞയാഴ്ച മുല്ല അക്തര്‍ മന്‍സൂര്‍ ചുമതലയേറ്റിരുന്നു. എന്നാല്‍ സംഘടനയിലെ ഒരു വിഭാഗം മുല്ല അക്തര്‍ മന്‍സൂറിനെ അനുകൂലിക്കുന്നില്ല. മന്‍സൂറിന്റെ കൂട്ടാളികള്‍ തയേബ് ആഖായെക്കൊണ്ടു രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

സമാധാനചര്‍ച്ചകള്‍ ഊര്‍ജിതപ്പെടുത്താനായി 2013ലാണ് ദോഹയില്‍ താലിബാന്‍ രാഷ്ട്രീയ ഓഫിസ് തുറന്നത്. അഫ്ഗാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു പിന്നീട് ഓഫിസ് അടയ്‌ക്കേണ്ടിവന്നെങ്കിലും അനൗദ്യോഗിക തലത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.

മുല്ല ഉമറിന്റെ തത്വങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാനും സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു ജീവിക്കാനുമാണ് സ്ഥാനം ഒഴിയുന്നത് എന്നാണു തയേബ് അഖായുടെ പ്രസ്താവന. ദോഹ ഓഫിസ് വെബ്‌സൈറ്റിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്. താലിബാന്‍ നേതൃനിരയിലെ ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ ഒരു ഭാഗത്തെയും പിന്തുണയ്ക്കില്ലെന്നും മുല്ല ഉമറിന്റെ മരണം രണ്ടുവര്‍ഷം രഹസ്യമാക്കിവച്ചതു ചരിത്രപരമായ തെറ്റാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കള്‍ക്കിടയില്‍ പുതിയ മേധാവിയുടെ കാര്യത്തില്‍ അഭിപ്രായസമന്വയം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ല ഉമറിന്റെ അന്ത്യം എങ്ങനെയായിരുന്നെന്നു താലിബാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2013 ഏപ്രിലില്‍ കറാച്ചിയില്‍വച്ചു മരിച്ചെന്നു മാത്രമാണു വിവരം. കഴിഞ്ഞമാസം വരെ മുല്ല ഉമറിന്റെ പേരിലായിരുന്നു താലിബാന്‍ പ്രസ്താവനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.