1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് താലിബാന്‍ പരിശോധന നടത്തിയത്. ഷെല്‍ഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ച സംഘം എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി. ജലാലാബാദിലെയും കാബൂളിലെയും എംബസികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം വരുന്ന കേഡര്‍മാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്‍് ഹാമിദ് കര്‍സായി, എച്ച്.സി.എന്‍.ആര്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, ഹിസ്‌ബെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് ഗുലാബുദ്ദീന്‍ ഹിക്മതിയാര്‍ തുടങ്ങിയവരുമായി അനസ് ഹഖാനി കൂടിക്കാഴ്ച നടത്തി.

ഇവരെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് ഇത് നല്‍കുന്ന സൂചന. കാബൂളിന്റെ നിയന്ത്രണം ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും താലിബാന്റെ മുന്‍ മേധാവി മുല്ല ഉമറിന്റെ മകന്‍ മുല്ല യാഖൂബിന്റെ നേതൃത്വത്തില്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ കാന്തഹാറില്‍ തൂടങ്ങിയതായാണ് സൂചന. ദോഹയില്‍ നിന്ന് തിരിച്ചെത്തിയ മുല്ല ബരാദര്‍ കഴിഞ്ഞ ദിവസം മുല്ല യാഖൂബുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം താലിബാന്റെ മതവിഭാഗം മേധാവിയായ മുല്ല ഹൈബത്തുല്ല അഖുന്‍സാദ ഇപ്പോഴും കറാച്ചിയിലാണ്.

അതിനിടെ അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾ അയക്കാൻ ഇന്ത്യ അമേരിക്കയുടെ അനുമതി തേടി. ഇതു സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വ്യോമസേനാ വിമാനങ്ങളിലാണ് നിലവിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ചാർട്ടേർഡ് വിമാനങ്ങൾ അയക്കുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.

ഇന്നലെ ചേർന്ന യു.എൻ രക്ഷാ സമിതി യോഗത്തിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. 400 ൽ താഴെ ഇന്ത്യക്കാരാണ് ഇനി തിരികെ എത്താനുള്ളത്. തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് വിസ നടപടികള്‍ ഉള്‍പ്പെടെ സുഗമമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.