സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ സേനകൾക്ക് നൽകിയ ഹെലികോപ്റ്ററുകളും വിമാനങ്ങളും ആയുധങ്ങളും താലിബാൻ പിടിച്ചെടുത്തിരുന്നു. എന്നാൽ, വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താൻ പരിശീലനം ലഭിച്ചവർ താലിബാൻ സംഘത്തിൽ ഇല്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെയാണ് യുഎസിന്റെ അത്യാധുനിക ഹെലികോപ്റ്റർ താലിബാൻകാർ ഗ്രൗണ്ടിലൂടെ ഓടിക്കുന്ന വിഡിയോ പുറത്തുവന്നത്.
രാജ്യാന്തര മാധ്യമങ്ങളെല്ലാം ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാണ്ടഹാർ വിമാനത്താവളത്തിൽ യുഎസ് നിർമിത ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്റർ ഗ്രൗണ്ടിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. താലിബാൻ പൈലറ്റുമാരെ പരിശീലിപ്പിച്ചിട്ടുണ്ടോ എന്നാണ് വിഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്.
എന്നാൽ, ആരാണ് ഹെലികോപ്റ്റർ നിയന്ത്രിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമല്ല. കൂടാതെ ബ്ലാക്ക്ഹോക്ക് നിലത്തുനിന്നു പൊങ്ങുന്നതും കാണിക്കുന്നില്ല. അഫ്ഗാൻ സൈന്യം ഉപേക്ഷിച്ച ഭൂരിഭാഗം ആയുധങ്ങളും ഉപകരണങ്ങളും താലിബാൻ പിടിച്ചെടുത്തിരുന്നു. അവയിൽ പലതും യുഎസ് സൈന്യം അഫ്ഗാൻ സൈന്യത്തിന് നൽകിയതായിരുന്നു.
താലിബാൻ കൊള്ളയടിച്ചതിന്റെ കൃത്യമായ കണക്കില്ലെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഹംവീസ് ഉൾപ്പെടെ 2,000 കവചിത വാഹനങ്ങളും യുഎച്ച്-60 ബ്ലാക്ക് ഹോക്സ്, സ്കൗട്ട് അറ്റാക്കിങ് ഹെലികോപ്റ്ററുകൾ, 40 വിമാനങ്ങളും താലിബാൻ പിടിച്ചെടുത്തതിൽ ഉൾപ്പെടും. അഫ്ഗാൻ വ്യോമസേനയുടെ ഭാഗമായിരുന്ന നൂറിലധികം റഷ്യൻ നിർമിത എംഐ -17 ഹെലികോപ്റ്ററുകളും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ, ഈ ഹെലികോപ്റ്ററുകൾ പലതും ഇതിനകം തന്നെ നിലംപൊത്തിയിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, യുഎസിന്റെ ഹെലികോപ്റ്റർ പറത്താൻ ശേഷിയുള്ള ആരാണ് താലിബാൻ സംഘത്തിലുള്ളത് എന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. താലിബാനിൽ പരിശീലനം ലഭിച്ച പൈലറ്റുമാർ ഇല്ലാത്തതിനാൽ അവർ അഫ്ഗാൻ സൈനികരോടും പൈലറ്റുമാരോടും സൈന്യത്തിൽ ചേരാൻ ആവശ്യപ്പെടുമെന്ന് താലിബാൻ വക്താവ് നേരത്തെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല