സ്വന്തം ലേഖകന്‍: ടാക്ക് ടാക്ക് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ്, ഇമെയില്‍ വിവരങ്ങള്‍ ഉപയോഗിച്ച് വിലപേശാന്‍ ഹാക്കര്‍മാര്‍, ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കാന്‍ സാധ്യത. ബുധനാഴ്ച ഹാക്കര്‍മാര്‍ ആക്രമിച്ച ടാക്ക് ടാക്ക് വെബ്‌സൈറ്റിലെ ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ വിട്ടുകൊടുക്കാന്‍ വന്‍ തുക ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
ടാക് ടാക്ക് വെബ് സൈറ്റ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായതായി അധികൃതര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കസ്റ്റമര്‍മാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മേല്‍വിലാസവും ജനനതീയതിയുമടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍, തുടങ്ങിവ ചോര്‍ത്തിയുട്ടുണ്ടെന്നാണ് സൂചന. എല്ലാ കസ്റ്റമര്‍മാരും തങ്ങളുടെ പാസ് വേഡ് മാറ്റണമെന്നും തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അസാധാരണമായ ട്രാന്‍സാക്ഷനുകളുണ്ടോ എന്നറിയാന്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ടാക്ക് ടാക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അധികം വൈകാതെ മെട്രൊപോളിറ്റന്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ തുടങ്ങിയതോടെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡും അന്വേഷത്തില്‍ സജീവമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഹാക്കര്‍മാര്‍ ടാക്ക് ടാക്ക് ഉപഭോക്താവിന്റെ ബാങ്ക് കാര്‍ഡുപയോഗിച്ച് 600 പൗണ്ടിന്റെ ഷോപ്പിംഗ് നടത്തിയതാണ് ഒടുവിലത്തെ സംഭവം. എന്നാല്‍ ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ ഏതെല്ലാം രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നതിനെപ്പറ്റി ടാക്ക് ടാക്ക് കൈമലര്‍ത്തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല