സ്വന്തം ലേഖകൻ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.
സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ വിവേക് അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കി. പിന്നീട് സംവിധായകൻ കെ. ബാലചന്ദറിന്റെ തിരക്കഥാ സഹായിയായി ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ച്ചു.
1987ൽ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് വിവേക് അഭിനയരംഗത്തെത്തുന്നത്. ഹാസ്യരംഗങ്ങളിലൂടെ നിരവധി ആരാധകരെ വിവേക് നേടിയെടുത്തു. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം വേഷമിട്ടു. ഒരു നുണക്കഥ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഹരീഷ് കല്യാണ്‍ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവില്‍ വേഷമിട്ടത്.
തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ് താരങ്ങളായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, തൃഷ, യോഗിബാബു, വൈര മുത്തു, വിജയ്യുടെ അമ്മ ശോഭ എന്നിവർ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി.
വിവേകിന്റെ മരണത്തിൽ താൻ തകർന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയാൽ കൈകൾ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടിച്ചേർത്തു.
ഏറെ വൈകാരികമായൊരു കുറിപ്പാണ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു പങ്കുവച്ചത്. സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്ബു ഓർക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല