1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2015

സ്വന്തം ലേഖകന്‍: ചിരിപ്പിച്ചു ചിരിപ്പിച്ച് തമിഴകത്തിന്റെ ആച്ചി അരങ്ങൊഴിഞ്ഞു, തമിഴ് നടി മനോരമക്ക് അന്ത്യാഞ്ജലി. ഇന്നലെ രാത്രി 11.30 നാണ് 78 വയസുള്ള മനോരമ അന്തരിച്ചത്. നേരത്തെ ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തിലധികം സിനിമകളിലും ആയിരത്തോളം നാടകവേദികളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും നിറഞ്ഞാടിയ അഭിനയ പ്രതിഭയായിരുന്നു മനോരമ. ഗോപിശാന്ത തഞ്ചാവൂര്‍ മന്നാര്‍ഗുഡിക്കാരി പന്ത്രണ്ടാം വയസ്സില്‍ നാടക വേദിയിലൂടെയാണ് മനോരമ എന്ന് പേരെടുക്കുന്നത്. തുടര്‍ന്ന് കലയുടെ വസന്തത്തിന്റെ നാളുകള്‍.

കണ്ണദാസന്റെ ‘മാലൈയിട്ട മങ്കൈ’ (1958) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ ‘കൊഞ്ചം കുമരി’ (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. അറുപതുകളില്‍ നാഗേഷ്– മനോരമ, എഴുപതുകളില്‍ ചോ രാമസ്വാമി– മനോരമ, അതിനു ശേഷം തെങ്കൈ ശ്രീനിവാസന്‍– മനോരമ എന്നിങ്ങനെ തമിഴ് സിനിമയിലെ പ്രധാന ഹാസ്യ ജോഡികളില്‍ എന്നും മനോരമയുണ്ടായിരുന്നു.

അണ്ണാദുരൈ, കരുണാനിധി, എംജിആര്‍, എന്‍ടിആര്‍, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചു. ‘വിദ്യാര്‍ഥികളെ ഇതിലേ..ഇതിലേ..’ ആണ് ആദ്യ മലയാള ചിത്രം. പിന്നീട് ‘ആണ്‍കിളിയുടെ താരാട്ട്’, ‘മധുവിധു തീരും മുന്‍പേ’, ‘ആകാശകോട്ടയിലെ സുല്‍ത്താന്‍’, ‘വീണ്ടും ലിസ’ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം മലയാളചിത്രങ്ങളില്‍ അഭിനയിച്ചു.

ആയിരം ചിത്രങ്ങള്‍ പിന്നിട്ട അപൂര്‍വ ബഹുമതിയുമായി 1987 ല്‍ മനോരമ ഗിന്നസ് ബുക്കിലെത്തി. പത്മശ്രീ, മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ്, 35 തവണ ഫിലിം ഫാന്‍സ് അവാര്‍ഡ്, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന അവാര്‍ഡുകള്‍, കലൈമാമണി, എംജിആര്‍ അവാര്‍ഡ്, അല്ലൂര്‍ രാമലിംഗയ്യ അവാര്‍ഡ്, സാംബയ്യകലാസാഗര്‍ അവാര്‍ഡുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.